കാറിലും ഹെല്‍മറ്റ് ധരിച്ചു; എടിഎം കള്ളന്‍മാര്‍ ഒരു തെളിവ് ബാക്കിയാക്കി; ഇനി..?

atm-robbery-tcr
SHARE

തൃശൂര്‍- പാലക്കാട് ജില്ലകളുടെ അതിര്‍ത്തിഗ്രാമമാണ് പാറമേല്‍പടി. നിറയെ വീടുകളുള്ള ചെറിയൊരു ജങ്ഷന്‍. എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ ഒരു വീടിന്‍റെ വളപ്പിനോട് ചേര്‍ന്നാണ്. എ.ടി.എം. കൗണ്ടറിന്‍റെ എതിര്‍വശത്താകട്ടെ അപ്പാര്‍ട്ട്മെന്‍റ്. ഒന്നാം നിലയിലെ താമസക്കാരന്‍ ശുചിമുറിയില്‍ പോകാന്‍ പുലര്‍ച്ചെ രണ്ടരയോടെ എണീറ്റു. എ.ടി.എം കൗണ്ടറില്‍ വെല്‍ഡിങ്ങിന്‍റെ വെളിച്ചം. കണ്ണു തുടച്ച് ശരിക്കും നോക്കിയപ്പോള്‍ നെഞ്ചുപിടഞ്ഞു. കള്ളന്‍മാരാണ്. കയ്യുറയും ജാക്കറ്റുമായി നില്‍ക്കുന്നു.

തലയിലാണെങ്കില്‍ ഹെല്‍മെറ്റും. അടുത്ത വീടുകളിലേക്ക് വിവരമറിയിച്ചു. വീടുകളിലെല്ലാം ലൈറ്റുകള്‍ തെളിഞ്ഞു. പന്തികേടു തോന്നിയ കള്ളന്‍മാര്‍ പണി അവസാനിപ്പിച്ചു.

15 ലക്ഷം പോകും, 10 മിനിറ്റു കഴിഞ്ഞിരുന്നെങ്കില്‍

എ.ടി.എമ്മില്‍ പതിനഞ്ചു ലക്ഷം രൂപയുണ്ടായിരുന്നു. അയല്‍വാസി ശുചിമുറിയില്‍ പോകാന്‍ പത്തു മിനിറ്റു വൈകിയിരുന്നെങ്കില്‍ ഈ പതിനഞ്ചു ലക്ഷവുമായി കള്ളന്‍മാര്‍ സ്ഥലംവിട്ടേനെ. 25 ലക്ഷം രൂപ വരെ സൂക്ഷിക്കാന്‍ കഴിയുന്ന എ.ടി.എം മെഷീനാണിത്. കാമറയുണ്ട്. സാധാരണ ആരെങ്കിലും കവര്‍ച്ചാശ്രമം നടത്തിയാല്‍ അലാം മുഴങ്ങേണ്ടതാണ്. പക്ഷേ, അലാം മുഴങ്ങിയിരുന്നോ അപായ സന്ദേശം പോയിരുന്നോ ഒന്നും വ്യക്തമല്ല.

വഴിയരികിലെ കാന കള്ളന്‍മാരെ പറ്റിച്ചു

എ.ടി.എം. കൗണ്ടറില്‍ നിന്ന് കാറുമായി കള്ളന്‍മാര്‍ ഇടവഴിയിലൂടെയാണ് പാഞ്ഞത്. മുന്നൂറു മീറ്റര്‍ മാറി വണ്ടി വഴിയരികില്‍ നിര്‍ത്തി. ഗ്യാസ് കട്ടറും മറ്റ് ആയുധങ്ങളും വഴിയരികില്‍ ഉപേക്ഷിച്ചു. കയ്യുറകളും ഉണ്ടായിരുന്നു. പിന്നെ, വണ്ടിയെടുത്ത് പരാക്രമത്തില്‍ പാഞ്ഞു. മെയിന്‍ റോഡിലേക്ക് കടന്ന ഉടനെ വണ്ടിയുടെ നിയന്ത്രണം വിട്ടു കാര്‍ നേരെ കാനയില്‍ വീണു. വണ്ടി മുന്നോട്ടും പുറകിലോട്ടും എടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കള്ളന്‍മാരെ കണ്ടു. രോഗിയുമായി ആശുപത്രിയിലേക്ക് തിടുക്കത്തില്‍ പോയിരുന്ന ഓട്ടോ ഡ്രൈവര്‍ സഹായിക്കാന്‍ ഇറങ്ങിയില്ല.

കള്ളന്‍മാരുടേത് നല്ല തൃശൂര്‍ ഭാഷ

ഓട്ടോഡ്രൈവറും കള്ളന്‍മാരും തമ്മില്‍ സംസാരിച്ചു. കള്ളന്‍മാരെ നേരില്‍ കണ്ടതും ഈ ഓട്ടോ ഡ്രൈവറാണ്. എ.ടി.എം. കൗണ്ടറിനു സമീപത്തെല്ലാം ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അയല്‍വാസികള്‍ മുഖം കണ്ടിരുന്നില്ല.

മോഷ്ടാക്കളുടെ രേഖാചിത്രം വരയ്ക്കാന്‍ പൊലീസ് തീരുമാനിച്ചു. കാറിന്‍റെ നന്പര്‍ വ്യാജമായിരുന്നു. വണ്ടി മോഷ്ടിച്ചതാകാനാണ് സാധ്യത. ഏറെ ആസൂത്രിതമായി നടത്തിയ കവര്‍ച്ചാ പദ്ധതിയാണ് അയല്‍വാസിയുടെ ജാഗ്രത കൊണ്ട് പൊളിഞ്ഞത്.

കയ്യുറകള്‍ ഉപേക്ഷിച്ച ശേഷം കാറോടിച്ചു

ഗ്യാസ് കട്ടറും കയുറകളും ആയുധങ്ങളും ഉപേക്ഷിക്കും വരെ കള്ളന്‍മാര്‍ കയുറകള്‍ ധരിച്ചിരുന്നു. ഇതെല്ലാം ഉപേക്ഷിച്ച് കാറില്‍ മുങ്ങാന്‍ ഒരുങ്ങുമ്പോഴാണ് കാനയുടെ രൂപത്തില്‍ അടുത്ത വെല്ലുവിളി. കാറിന്‍റെ സ്റ്റിയറിങ്ങില്‍ നിന്നും ഡോറില്‍ നിന്നും കള്ളന്‍മാരുടെ വിരലടയാളങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഹെല്‍മറ്റ്, കാമറയില്‍ പ്ലാസ്റ്റര്‍, കയ്യുറ തുടങ്ങി എല്ലാ പ്രതിരോധങ്ങളെടുത്തെങ്കിലും കാര്‍ കാനയില്‍ കുടുങ്ങിയതോടെ ആ തെളിവ് അവര്‍ അവേശേഷിപ്പിച്ചു. കാറിലെ വിരലടയാളം.

MORE IN Kuttapathram
SHOW MORE
Loading...
Loading...