‘മാത്യു എനിക്കും മദ്യം നൽകി; ആദ്യശ്രമത്തില്‍ തന്നെ വകവരുത്തി: നടന്നത് പറഞ്ഞ് ജോളി

mathew-manchadiyil-jolly
SHARE

പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീര്‍ന്നേക്കാവുന്ന ഭര്‍ത്താവിന്റെ മാതൃസഹോദരനെ വേഗത്തില്‍ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. ആദ്യശ്രമത്തില്‍ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി വകവരുത്തിയതെന്നും ജോളി മൊഴി നല്‍കി.

റോയ് തോമസ് മരിച്ചതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യത്തില്‍ മാത്യു ഉറച്ചുനിന്നു. റോയിയുടെ സഹോദരന്‍ റോ‍ജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താന്‍ തീരുമാനിച്ചത്. പലതവണ ഇതിനുള്ള വഴികള്‍ ആലോചിച്ചു. മാത്യുവുമായി കൂടുതല്‍ സൗഹൃദത്തിലാകാന്‍ ബോധപൂര്‍വം ശ്രമിച്ചു. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി ആദ്യ ശ്രമത്തില്‍ത്തന്നെ മാത്യുവിന്റെ മരണം ഉറപ്പാക്കാനായെന്നും ജോളി മൊഴി നല്‍കി.

മാത്യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കള്‍ക്കൊപ്പം കട്ടപ്പനയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. വിമുക്തഭടനെന്ന നിലയില്‍ കിട്ടിയിരുന്ന മദ്യം തനിക്കും പലതവണ മാത്യു കൈമാറിയിരുന്നു. റോയിയെ കൊലപ്പെടുത്തുന്നതിനായി എം.എസ്.മാത്യു നല്‍കിയ സയനൈഡിന്റെ ബാക്കിയാണ് മാത്യുവിനെ ഇല്ലാതാക്കാനും ഉപയോഗിച്ചത്. ഈ കൊലപാതകത്തിന് ശേഷം സയനൈഡ് ഉപേക്ഷിക്കാന്‍ ആലോചിച്ചെങ്കിലും കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു.

കൊലപാതകത്തെക്കുറിച്ച് എം.എസ്.മാത്യുവിനോട് പോലും പറഞ്ഞിരുന്നില്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണെന്നും ജോളി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിന്റെ മരണത്തോടെ താന്‍ പൂര്‍ണമായും സ്വതന്ത്രയായെന്ന് കരുതിയെങ്കിലും പിന്നീട് രണ്ടുപേരെക്കൂടി തനിക്ക് കൊലപ്പെടുത്തേണ്ടി വന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്

MORE IN Kuttapathram
SHOW MORE
Loading...
Loading...