25 പൊറോട്ട, ചപ്പാത്തി, ഫ്രഡ് റൈസും ഒാര്‍ഡര്‍; പിന്നാലെ 8,000 രൂപയും പോയി; തട്ടിപ്പ് ഇങ്ങനെ

cheating-hotel
SHARE

25 പൊറോട്ട, 25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കൻ ചില്ലി, റോസ്റ്റ്.. അയാള്‍ ഫോണിലൂടെ ഒാര്‍ഡര്‍ നല്‍കിയ സാധനങ്ങളാണ്. ഇതിന് പിന്നാലെ ഹോട്ടല്‍ ഉടമയ്ക്ക് നഷ്ടമായത് 8,000 രൂപയാണ്.  ചെറുകോട്ടെ മലബാർ ഹോട്ടൽ ഉടമ വീതനശ്ശേരി ഉൽപ്പില അബൂബക്കറും മകൻ ലുഖ്മാനുൽ ഹക്കീമും ആണു കബളിപ്പിക്കപ്പെട്ടത്. സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന സൈനികർക്കുള്ള ഭക്ഷണം എന്ന രീതിയിലാണ് ഹോട്ടലിലേക്ക് ഫോണ്‍ എത്തുന്നത്. വികാസ് പട്ടേൽ എന്ന സൈനിക ഉദ്യോഗസ്ഥനെന്നു പറഞ്ഞാണ് അബൂബക്കറിനെ വിളിച്ചത്. സഞ്ചരിക്കുന്ന റൂട്ട് നെറ്റിൽ നോക്കിയപ്പോഴാണ് ഹോട്ടലിന്റെ നമ്പർ കിട്ടിയതെന്നും വാട്സാപ് വഴി മെനു അയച്ചു തന്നാൽ ഓർഡർ തരാമെന്നു പറഞ്ഞു.

ഹിന്ദി അറിയാത്തതുകൊണ്ട് ബിരുദധാരിയായ മകൻ ലുഖ്മാനുൽ ഹക്കീമിന്റെ ഫോൺ നമ്പർ കൊടുത്തു. ഹക്കീമിനെ വിളിച്ച ആൾ 25 പൊറോട്ട, 25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കൻ ചില്ലി, റോസ്റ്റ് തുടങ്ങിയവ അടക്കം 1,400 രൂപയുടെ വിഭവങ്ങൾ ഓർഡർ ചെയ്തു. പാഴ്സൽ ആക്കി ബില്ലിന്റെ പടം അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ എത്തുമെന്നും അറിയിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് തിരിച്ചുവിളിച്ചപ്പോൾ, ഹോട്ടൽ പിന്നിട്ട് 2 കിലോമീറ്ററോളം പോന്നു എന്നും കാൻസൽ ചെയ്യാൻ പറ്റുമോ എന്നും ചോദിച്ചു. സാധനങ്ങൾ പൊതിഞ്ഞുവച്ചിരിക്കുകയാണെന്നും വാങ്ങിയില്ലെങ്കിൽ പാഴായിപ്പോകുമെന്നും പറഞ്ഞപ്പോൾ പണം തരാം എന്നായി. പണം അയയ്ക്കാൻ അക്കൗണ്ട് നമ്പർ വാങ്ങി. 1500 രൂപ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു.

അക്കൗണ്ടിൽ എത്തിയില്ലെന്നു പറഞ്ഞപ്പോൾ, എടിഎം കാർഡിന്റെ പടവും ഫോണിലേക്കു വന്ന സന്ദേശത്തിലെ നമ്പറും ആവശ്യപ്പെട്ടു. ഇത്തരത്തിൽ 3 തവണ നമ്പർ പറഞ്ഞു കൊടുത്തു. പിന്നീട്, അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ 3 തവണയായി 8,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. അക്കൗണ്ടിൽ കൂടുതൽ തുക ഉണ്ടായിരുന്നതിനാൽ ചെറുകോട് കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ വിളിച്ച് എടിഎം കാർഡ് ബ്ലോക്ക് ചെയ്യിച്ചു.

നോയിഡയിൽനിന്നാണ് പണം പിൻവലിച്ചതെന്ന് പൊലീസ് കണ്ടെത്തി. നെറ്റ് ബാങ്കിങ് ഇടപാടുകൾ നടത്തി പരിചയമില്ല എന്നും ഹോട്ടലിൽ നല്ല തിരക്കായതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല എന്നും ലുഖ്മാനുൽ ഹക്കീം പറയുന്നു. സൈന്യത്തിലെ ഉദ്യോഗസ്ഥരാണു ബന്ധപ്പെട്ടതെന്നു വിശ്വസിപ്പിക്കാൻ തിരിച്ചറിയൽ കാർഡുകളുടെ പടങ്ങൾ ഉൾപ്പെടെ അയച്ചു തന്നിരുന്നു എന്നും പിന്നീടു നോക്കുമ്പോൾ അയച്ച കേന്ദ്രത്തിൽ നിന്നു തന്നെ ഡിലീറ്റ് ചെയ്ത അവസ്ഥയിലായിരുന്നു എന്നും ഹക്കീം പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...