പകൽ മീൻ കച്ചവടം; രാത്രി മോഷണം; 2 വർഷത്തിനൊടുവിൽ കള്ളൻ പിടിയിൽ

theft-calicut-19
SHARE

കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ 2 വർഷമായി ഒട്ടേറെ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടിൽ സി.കെ.ഷൈജുവിനെ (39) കോടതി റിമാൻഡ് ചെയ്തു. എലത്തൂർ സ്റ്റേഷൻ‌ ഇൻസ്പെക്ടർ സി.അനിത കുമാരിയുടെയും എസ്ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തിൽ തന്ത്രപൂർവമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്.  എലത്തൂർ, കാക്കൂർ, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കൽ കോളജ് തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോൾ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. 

രണ്ടു വർഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കൽ അമ്പലപ്പടി വളുവിൽ പ്രഭാകരന്റെ അടച്ചിട്ട വീട്ടിൽ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തിൽ സിസിടിവിയിൽ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി. അന്നശ്ശേരിയിലെ കടയിൽ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. 

തുടർന്നു പൊലീസ് ടീം അന്നശ്ശേരിയിലെ  കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.     കടയിലെ മേശയിലാണ് മോഷണവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് നാലേകാൽ ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. എസ്ബി എഎസ്ഐ പി.അനിൽ കുമാർ, സീനിയർ സിപിഒമാരായ പ്രകാശൻ, സൂരജ്, സിപിഒ കെ.റിജിത്ത്, ഹോംഗാർഡ് ബാലകൃഷ്ണൻ തുടങ്ങിയവരാണ് ഷൈജുവിനെ പിടികൂടിയ പൊലിസ് ടീമിലുണ്ടായിരുന്നത്. 

എരഞ്ഞിക്കലിൽ അടുത്തിടെ നടന്ന മോഷണത്തിൽ ഷൈജുവിനു പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.    നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ ഷൈജുവിനെ ചോദ്യം ചെയ്തു.  2018 മുതൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 25 പവന്റെ ആഭരണവും പണവും മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. മുൻവശത്തെ വാതിൽ പൊളിച്ചാണ് അകത്തു കടക്കുന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...