മണിചെയിന്‍ മാതൃകയില്‍ നെറ്റ് വര്‍ക്ക് തട്ടിപ്പ്; 3 പേര്‍ അറസ്റ്റിൽ

മണിചെയിന്‍ മാതൃകയില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേരെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കം നിരവധിപേരാണ് തട്ടിപ്പിനിരയായത്. കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യു ലയണ്‍സ് എഡുക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് തട്ടിപ്പ്. സംഘത്തിലെ പ്രധാനികള്‍ ഒളിവിലാണ്.

പഠിക്കുന്നതിനേക്കാള്‍ നല്ലത് ബിസിനസ് ചെയ്ത് പണമുണ്ടാക്കുന്നതാണെന്ന് മോഹിപ്പിച്ചാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. നടത്തിപ്പുകാരുടെ ഭാര്യമാരെ ഉപയോഗിച്ച് കൂടുതല്‍ സ്ത്രീകളെ സംരഭത്തിലേക്ക് അടുപ്പിക്കുകയായിരുന്നെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. സ്വര്‍ണം പണയം വച്ചടക്കം സ്ത്രീകള്‍ ഈ നെറ്റ് വര്‍ക്ക് ബിസിനസിനായി പണം നിക്ഷേപിച്ചു. ചതി മനസിലാക്കിയ അമ്പതിലധികം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒന്നേകാല്‍ ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസിയും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ എം.കെ.റജില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ഞങ്ങാട് മാവുങ്കാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്യൂ ലയണ്‍സ് എഡുക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. ട്രസ്റ്റിന്‍റെ മറവില്‍ ക്യൂ നെറ്റ് മാര്‍ക്കറ്റിങ്ങ്  ആണ് ഇവര്‍ നടത്തിയിരുന്നത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശി കെ.സുധീഷ്, ഇരിയ സ്വദേശികളായ കെ.പ്രജീഷ്, പി.ബാലദാസ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ പ്രധാനികളായ വേണുഗോപാലന്‍ നായര്‍, വിനോദ് കുമാര്‍ എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.