സി.ഒ.ടി നസീറിനെ അക്രമിച്ച കേസ്: എ.എന്‍.ഷംസീറിനെ ചോദ്യം ചെയ്യും

cot-nazeer-shamseer-1
SHARE

തലശേരിയിലെ സി.ഒ.ടി നസീറിനെ അക്രമിച്ച കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. എം.എല്‍.എയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ്. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നസീര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.

സി.ഒ.ടി നസീറിനെ അക്രമിച്ച കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പൊലീസ് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. എന്നാല്‍ എം.എല്‍.എക്കെതിരെ സിഒടി നസീര്‍ ഗൂഢാലോചന ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഫോണ്‍ രേഖകളടക്കം പരിശോധിക്കേണ്ടതുണ്ട്. കോള്‍ വിവരങ്ങള്‍ ലഭിച്ച ശേഷം എം.എല്‍.എയെ ചോദ്യം ചെയ്യും. എ.എന്‍.ഷംസീറിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന സി.ഒ.ടി നസീറിന്‍റെ മൊഴി കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഗൂഢാലോചന സംബന്ധിച്ച കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിഒടി നസീര്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം ഒന്നിന് വാദം കേള്‍ക്കും.

MORE IN Kuttapathram
SHOW MORE
Loading...
Loading...