എ.എസ്.ഐയുടെ വീട്ടില്‍ കൊലവിളി, 3 പേർ അറസ്റ്റിൽ; മുഖ്യപ്രതി കായലിൽ ചാടി രക്ഷപ്പെട്ടു

police-threat
SHARE

കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചതിന് മൂന്നു പേര്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കൊച്ചനി പൊലീസിന്റെ കൈയില്‍ നിന്നു കായലില്‍ ചാടി രക്ഷപെട്ടു.

ബാറിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കുപ്രസിദ്ധ ഗുണ്ട കൊച്ചനിയെയും സഹോദരിയുടെ മകനെയും കഴിഞ്ഞ ദിവസം ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐ വിനോദ് ഇരുവരെയും ചോദ്യം ചെയ്യുകയും വിരലടയാളവും ഫോട്ടോയും എടുത്ത ശേഷം വിട്ടയ്ക്കുകയും ചെയ്തു. പിന്നാലെ കൊച്ചനിയുടെ േനൃത്വത്തിലുള്ള അഞ്ചംഗ സംഘം എഎസ്ഐയുടെ വടക്കും ഭാഗത്തെ വീട്ടിലെത്തി. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വീട്ടുമുറ്റത്തു സംഘം കൊലവിളി നടത്തി. 

ഈ സമയം പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ കേസിലാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായ കാവനാട് സ്വദേശി ഡാനിഷ്് ജോര്‍ജ്, ചവറയില്‍ നിന്നുള്ള പ്രമോദ്, പന്‍മന സ്വദേശി മനു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന കാറും രണ്ടു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കായലില്‍ ചാടി നീന്തി രക്ഷപെട്ട മുഖ്യപ്രതി കൊച്ചനിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

MORE IN Kuttapathram
SHOW MORE
Loading...
Loading...