സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച വിദ്യാര്‍ഥിയെ കോടതിയിൽ ഹാജരാക്കി

chinmayananda-case
SHARE

സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച നിയമ വിദ്യാര്‍ഥിയെ സുപ്രീംകോടതിയിൽ ഹാജരാക്കി. സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി പെൺകുട്ടിയെ ഡൽഹിയിലെ അഭയ കേന്ദ്രത്തിൽ ആക്കാൻ ഉത്തരവിട്ടു

ചൊവ്വാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽനിന്ന് ഇന്ന് രാവിലെയാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം വിവാദമാകുന്നത്. തുടര്‍ന്ന് യു.പി. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയും ഈ പെണ്‍കുട്ടിക്കും ഉന്നാവ് പെണ്‍കുട്ടിയുടെ ഗതിയോ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം വിപുലമാക്കിയത്. തുടര്‍ന്നാണ് രാജസ്ഥാനില്‍നിന്ന് പെണ്‍കുട്ടിയെ യു.പി. പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ ജീവനിൽ ആശങ്ക ഉണ്ടെന്നും പെൺകുട്ടിക്ക് പറയാനുള്ളത് നേരിട്ട് കേൾക്കണമെന്നും സുപ്രീംകോടതിയോട് വിവിധ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. 

തുടര്‍ന്ന് മതിയായ സുരക്ഷ നൽകാൻ ജസ്റ്റിസ് ആർ.ഭാനുമതിയുടെ നേതൃത്വത്തിൽ ഉള്ള ബെഞ്ച് ഡൽഹി പോലീസിനോട് ഉത്തരവിട്ടു. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നത് വരെ മാതാപിതാക്കൾക്കല്ലാതെ മറ്റാരെയും പെൺകുട്ടിയെ കാണാൻ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. മാതാപിതാക്കളെ പെൺകുട്ടിയുടെ അടുത്തേക്ക് എത്തിക്കാൻ പ്രത്യക സംഘത്തെ നിയോഗിക്കാനും പോലീസിനോട് കോടതി പറഞ്ഞു. സ്വാമി ചിന്മയാനന്ദ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള  പെൺകുട്ടി ഉന്നയിച്ചത്. പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായി. മാതാപിതാക്കൾ നൽകിയ പരാതിയിൽ ചിന്മയാനന്ദക്കെതിരെ യു.പി പോലീസ് കേസ് എടുത്തിരുന്നു

MORE IN KUTTAPATHRAM
SHOW MORE
Loading...
Loading...