എടിഎം പുറത്തു കൊണ്ടുപോയി തകർത്തിട്ടും പണം കിട്ടിയില്ല; ആസൂത്രണം പാളി

atm-theft
SHARE

വാഴക്കുളത്ത് എടിഎം മെഷീൻ എടുത്തു പുറത്തു കൊണ്ടുപോയി തകർത്ത ശേഷം പണം കവരാൻ ശ്രമം. മൂവാറ്റുപുഴ– തൊടുപുഴ റോഡരികിൽ വാഴക്കുളം കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം ആണ് തകർത്തത്. എടിഎം കൗണ്ടറിൽ നിന്ന് പൂർണമായി എടുത്തുമാറ്റിയ മെഷീൻ കെട്ടിടത്തിന്റെ പിറകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാഷ് ഡിപ്പോസിറ്റ് മെഷീൻ തകർക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് എടിഎം തകർത്തിരിക്കുന്നത്.

മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ 3 യുവാക്കൾ കമ്പിപ്പാരയുമായി എടിഎം കൗണ്ടറിന്റെ വാതിൽ തുറന്നെത്തുന്നത് സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. പിന്നീടിവർ ക്യാമറ തകർത്തു. പാര ഉപയോഗിച്ച് മെഷീൻ കൗണ്ടറിൽ നിന്ന് അടർത്തിയെടുത്ത് പുറത്തേക്കു കൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സി‍ഡിഎമ്മിന്റെ പുറം ചട്ട തകർത്തെങ്കിലും പൂർണമായി തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 

ഇന്നലെ രാവിലെ 7.30ന് എടിഎമ്മിൽ എത്തിയ ബാങ്കിന്റെ ഇടപാടുകാരിലൊരാളാണ് മോഷണത്തെ കുറിച്ച് ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചത് തുടർന്ന് ഡിവൈഎസ്പി കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി പരിശോധന നടത്തിയെങ്കിലും പണം നഷ്ടമായിട്ടുണ്ടോ എന്നു പരിശോധിക്കാൻ പൊലീസ് ആരെയും അനുവദിച്ചില്ല. ശാസ്ത്രീയാന്വേഷണ സംഘം എത്തിയ ശേഷമേ അതിനു കഴിയുകയുള്ളുവെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.

ആലുവയിൽ നിന്ന് ഡോഗ് സ്ക്വാഡും ശാസ്ത്രീയാന്വേഷണ സംഘവുമെത്തിയത് വൈകിട്ട് 4 മണിക്ക്. എടിഎമ്മിലെ മാഗ്നെറ്റിക് ലോക്കുകളും നമ്പർ ലോക്കുകളുമെല്ലാം തകർത്തെങ്കിലും ക്യാഷ് ട്രേയുൾക്കൊള്ളുന്ന കസെറ്റും മറ്റും തകർക്കാൻ മോഷ്ടാക്കൾക്കു സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തതയില്ല. സമീപത്തുള്ള വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെയും സഹായം തേടി.

MORE IN Kuttapathram
SHOW MORE
Loading...
Loading...