നിർമാണത്തിലുള്ള വീട്ടിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് ? സംശയങ്ങൾ ബാക്കി

അഡൂർ : ‌ഇറുഞ്ചിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നു കണ്ടെത്തിയ മൃതദേഹം ആരുടേത്? മൃതദേഹത്തിൽ നിന്നു കണ്ടെത്തിയ തിരിച്ചറിയൽ രേഖകൾ അനുസരിച്ച് മരിച്ചത് മലപ്പുറം സ്വദേശി പാറമ്മൽ ലത്തീഫ് ആണെങ്കിൽ ഇയാൾ എങ്ങനെ കേരള-കർണാടക അതിർത്തി പ്രദേശമായ അഡൂരിലെത്തി? ടൗണിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള ഈ വീട്ടിലേക്ക്് എങ്ങനെ എത്തി? ഇറുഞ്ചിയിൽ പണി നടന്നുകൊണ്ടിരിക്കുന്ന റൗഫിന്റെ വീട്ടിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇങ്ങനെ ഒരുപാട് സംശയങ്ങൾ ബാക്കിയാണ്.ഇന്നലെ രാവിലെയാണ് വീടിന്റെ ഒന്നാം നിലയിൽ ഒരു പുരുഷൻ മരിച്ചുകിടക്കുന്നതായി  അയൽവാസികൾ കണ്ടത്.

ദുർഗന്ധത്തെത്തുടർന്നു ചുറ്റും പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം പരന്നതോടെ നൂറുകണക്കിനാളുകൾ ഇവിടേക്ക് എത്തി. മരിച്ചതാരെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അഡൂരിലോ സമീപത്തോ ആരെയും കാണാതായതായി പരാതികളില്ല. ആഡൂർ എസ്ഐ പി. നളിനാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ മലപ്പുറം കുറുക്കോൾ ഓട്ടുകരപ്പുറത്തെ അബ്ദുൽ ലത്തീഫിന്റെ തിരിച്ചറിയിൽ രേഖകൾ ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളെ കഴിഞ്ഞ 7ന് പുലർച്ചെ മുതൽ കാണാനില്ലെന്ന വിവരവും ലഭിച്ചു. പാൻകാർഡ്, വോട്ടർ ഐഡി, മൊബൈൽ ഫോൺ എന്നിവ ലഭിച്ചു.

സഹകരണ ബാങ്കിൽ ദിനനിക്ഷേപ ഏജന്റായ ഇയാളെക്കുറിച്ച് നാട്ടിൽ ആർക്കും മോശം അഭിപ്രായമില്ല. ഇയാൾ എങ്ങനെ അഡൂരിൽ എത്തി എന്നതാണു പ്രധാന ചോദ്യം.മൃതദേഹത്തിൽ കയർ ചുറ്റിക്കിടക്കുന്നതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണു പോലീസ്. മൃതദേഹം കണ്ടെത്തിയ വീടിന്റെ 15 മീറ്റർ അടുത്തായി 2 വീടുകളുണ്ട്. സംശയകരമായ ഒന്നും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. റൗഫ് ഗൾഫിലായതിനാൽ സഹോദരന്റെ മേൽനോട്ടത്തിലാണു നിർമാണം.ഒരാഴ്ച മുൻപ് തറ കോൺക്രീറ്റ് ചെയ്തതിനു ശേഷം ആരും ഇവിടേക്ക് വന്നിട്ടില്ലെന്ന് ഇവർ പറയുന്നു. മൃതദേഹം പൂർണമായും അഴുകിയതിനാൽ പരുക്കും കാണാൻ കഴിയില്ല.

പോസ്റ്റ്മോർട്ടത്തിൽ മാത്രമെ മരണകാരണം കണ്ടെത്താൻ കഴിയൂ എന്നു പോലീസ് പറഞ്ഞു. പൊലീസ് നായ വീടിന്റെ മുറികളിലും താഴത്തെ നിലയിലും എത്തി. ജില്ലാ പൊലീസ് മേധാവി ജെയിംസ് പി. ജോസഫ്, എഎസ്പി ഡി. ശിൽപ എന്നിവർ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരൻ എന്നീ ജനപ്രതിനിധികളും ഒട്ടേറെ നാട്ടുകാരും സംഭവ സ്ഥലത്തെത്തി.