യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്ന കേസില്‍ പ്രതികൾക്ക് ജീവപര്യന്തം

bibeesh-murder1
SHARE

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്ന് ശ്മശാനത്തില്‍ കുഴിച്ചുമൂടിയ കേസില്‍ കൊലയാളികളായ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. ചാവക്കാട് കടപ്പുറം സ്വദേശി ബിബീഷിന്‍റെ കൊലയാളികളെയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 

പത്തു വര്‍ഷം മുമ്പാണ് ചാവക്കാട് കടപ്പുറം സ്വദേശി ബിബീഷ് കൊല്ലപ്പെട്ടത്. നാട്ടുകാരായ രാജുവും റഫീഖുമായിരുന്നു കൊലയാളികള്‍. നേരത്തെ, രാജുവിനേയും റഫീഖിനേയും ബിബീഷ് വെട്ടിപരുക്കേല്‍പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനായിരുന്നു ആസൂത്രിതമായ കൊലപാതകം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സഹോദരനെ പരിചരിക്കാന്‍ എത്തിയ ബിബീഷിനെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്കു വിളിച്ചുവരുത്തി. ചാവക്കാട് സ്വദേശി ഇഗ്നേഷ്യസാണ് മദ്യപിക്കാനെന്ന വ്യാജേന ബിബീഷിനെ വിളിച്ചുവരുത്തിയത്. 

വീട്ടിലിട്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം കാറില്‍ ചാവക്കാട് പൊതുശ്മശാനത്തില്‍ എത്തിച്ച് കുഴിച്ചുമൂടി. ബിബീഷിനെ കാണില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ രണ്ടു മാസം പൊലീസ് അന്വേഷിച്ചു. ശത്രുതയുള്ള രാജുവിനേയും റഫീഖിനേയും വിളിച്ചുവരുത്തി വിശദമായി പൊലീസ് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. രാജുവിന്‍റെ മൊഴിപ്രകാരം മൃതദേഹം ശ്മശാനത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും പ്രതികള്‍ക്കെതിരായ സാഹചര്യ തെളിവുകള്‍ വച്ച് കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു.

കൊലയാളി രാജു വിധിപ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പുള്ള ദിവസം വിദേശത്തേയ്ക്കു മുങ്ങി. പനിയ്ക്കു വ്യാജ സര്‍ട്ടിഫിക്കറ്റു നല്‍കിയ ഡോക്ടര്‍ സുബ്രഹ്മണ്യനെ പ്രതിയാക്കി കോടതി കേസെടുത്തു. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സോഫി തോമസാണ് കുറ്റവാളികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.  ജീവപര്യന്തം തടവാണ് ശിക്ഷ. ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഈ തുക കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം. സ്പെഷല്‍ ബ്രാഞ്ച് എ.സി.പി.: എസ്.ഷംസുദ്ദീനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...