കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തി വില്‍പന; സൂത്രപ്പണി; ഷാപ്പ് ഉടമയ്ക്കെതിരെ കേസ്

toddy
SHARE

കള്ളില്‍ കഞ്ഞിവെള്ളം കലര്‍ത്തി വില്‍പന നടത്തിയതിന് ഷാപ്പ് ഉടമയ്ക്കെതിരെ എക്സൈസ് കേസെടുത്തു. മൊബൈല്‍ ലാബിലെ പരിശോധനയിലാണ് കോഴിക്കോട് പന്നിക്കോടുള്ള ഷാപ്പിലെ കള്ളില്‍ കൂടിയ അളവില്‍ കഞ്ഞിവെള്ളം കലര്‍ത്തിയതായി കണ്ടെത്തിയത്. കുന്ദമംഗലം റേഞ്ചില്‍ സമാനരീതിയില്‍ കള്ള് വില്‍ക്കുന്നതായ പരാതിയില്‍ എക്സൈസ് പരിശോധന വിപുലമാക്കി. 

കള്ളില്‍ കലര്‍ത്തുന്നത് കഞ്ഞിവെള്ളമാണെങ്കിലും നിയമവിരുദ്ധമാണ്. കൂടുതല്‍ കള്ളുണ്ടെന്ന് വരുത്താന്‍ ചെത്തുകാരുടെ സൂത്രപ്പണിയെന്നാണ് ഷാപ്പുടമകളുെട വിശദീകരണം. എന്നാല്‍ പലപ്പോഴും ഷാപ്പുകാരുടെ അറിവോടെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് വിവരം. ഇത് കള്ളില്‍ മായം കലര്‍ത്തുന്നതിന് സമാനമായ കുറ്റമാണ്. 

മലയോര മേഖലയിലുള്‍പ്പെടെ മറ്റ് ഷാപ്പുകളിലും സമാനരീതിയില്‍ വില്‍പനയുണ്ടോ എന്നറിയാന്‍ മൊബൈല്‍ ലാബ് കൂടുതല്‍ പ്രയോജനപ്പെടുത്തും. കേസെടുത്താലും ഇരുപത്തി അയ്യായിരം രൂപ പിഴയടച്ചാല്‍ ലൈസന്‍സിക്ക് തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനം വീണ്ടും തെളിഞ്ഞാല്‍ നിശ്ചിത കാലത്തേക്ക് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയും എക്സൈസിന് സ്വീകരിക്കാം. കള്ളിലെ കഞ്ഞിവെള്ളം പുത്തന്‍ പ്രവണതയല്ല. ഉപയോഗിക്കുന്നവര്‍ പരാതിപ്പെടാന്‍ താല്‍പര്യം കാണിക്കാത്തതാണ് നടത്തിപ്പുകാരെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്നതെന്നും എക്സൈസ് വ്യക്തമാക്കുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...