അതിര്‍ത്തിതര്‍ക്കം : യുവാവിനെ വെടിവെച്ചുകൊന്ന അയല്‍വാസി ഒളിവില്‍

shot-dead1
SHARE

വയനാട് പുല്‍പ്പള്ളിയില്‍ അതിര്‍ത്തിതര്‍ക്കം കാരണം യുവാവിനെ വെടിവെച്ചുകൊന്ന അയല്‍വാസി വനത്തില്‍ ഒളിവില്‍. കാപ്പിസെറ്റ് കാട്ടുമാക്കിയില്‍ നിതിന്‍ പത്മനാഭനെയാണ് അയല്‍വാസി പുളിക്കല്‍ ഷാര്‍ളി നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ നിതിന്റെ ബന്ധു കിഷോര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലാണ്.

കൊലപ്പെട്ട നിതിന്റെ കുടുംബവും ഷാര്‍ളിയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തിതര്‍ക്കമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്തകാലത്തായി കടുത്ത ശത്രുതയിലായിരുന്നു. കഴിഞ്ഞ ദിവസവും വാക്കേറ്റവും കയ്യാങ്കളിയും നടന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രി ഷാര്‍ളി നിതിന്റെ വീടിനുസമീപം മദ്യപിച്ച് തോക്കുമായെത്തി ഭീഷണി മുഴക്കി.

വീടിനുമുന്നിലുള്ള റോഡിലേക്ക് വന്ന നിതിനെ വെടിവെച്ചുവീഴ്ത്തി. കുടുംബത്തിന്റെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഇടതുനെഞ്ചില്‍ വെടിയേറ്റ നിതിന്‍ തല്‍ക്ഷണം മരിച്ചു. തൊട്ടടുത്തുണ്ടായിരുന്ന നിതിന്റെ പിതൃസഹോദരനായ കിഷോറിന് നേരെയും നാടന്‍ തോക്കുപയോഗിച്ച് വെടിവെച്ചു. വയറിന് താഴെ വെടിയേറ്റ കിഷോര്‍ ചികില്‍സയിലാണ്

കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം നടന്നത്. ഇന്നലെ രാത്രി തന്നെ പ്രതി ഷാര്‍ളി വനത്തിനുള്ളില്‍ ഒളിവില്‍പ്പോയി. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നേരത്തെയും ഷാര്‍ളിയുടെ പേരില്‍ വിവിധ കേസുകളുണ്ടായിരുന്നു.

MORE IN Kuttapathram
SHOW MORE