വേഗത്തില്‍ പണക്കാരാകാൻ മോഹം; വൻതുക പ്രതിഫലം; കുഴല്‍പ്പണക്കടത്ത് സജീവം

kuzhalpanam-arrest
SHARE

കോഴിക്കോട് വടകരയിലും പരിസരത്തെയും കുഴല്‍പ്പണ ഇടപാടുകാരെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം. നേരത്തെ സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരെക്കുറിച്ച് വിവരശേഖരണം തുടങ്ങി. കുഴല്‍പ്പണത്തിന്റെ വരവ് കണ്ടുപിടിക്കുന്നതിനൊപ്പം  നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകുമെന്നും ജില്ലാ പൊലീസ് േമധാവി വ്യക്തമാക്കി. 

വന്‍തുക ലാഭം മോഹിച്ചാണ് യുവാക്കള്‍ കുഴല്‍പ്പണ ഇടപാടില്‍ പങ്കാളിയാകുന്നത്. സുരക്ഷിതമായി പണമെത്തിച്ചാല്‍ മതി ലക്ഷം സ്വന്തമാക്കാം. ഈ പ്രവണത പൂര്‍ണമായും പരിഹരിക്കുന്നതിനാണ് പൊലീസ് ഇടപെടല്‍. കുഴല്‍പ്പണം കടത്തിന് ജയില്‍വാസമനുഭവിച്ച് പുറത്തിറങ്ങുന്നവര്‍ വീണ്ടും കേസില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. 

വേഗത്തില്‍ പണക്കാരാകുക എന്ന ലക്ഷ്യമാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രവണതയ്ക്ക് പിന്നില്‍. യുവാക്കളില്‍ പലരും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന വിവരം കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വടകര റൂറല്‍ എസ്.പി  അബ്ദുല്‍ കരീം പറഞ്ഞു. 

കുഴല്‍പ്പണക്കടത്തുകാരെ പിന്തുടര്‍ന്ന് അവരില്‍ നിന്ന് പണം തട്ടുന്ന ആറംഗ സംഘത്തെ അടുത്തിടെ വടകര പൊലീസ് പിടികൂടിയിരുന്നു. ധര്‍മടത്തുകാരായ സംഘത്തില്‍ രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതിയും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് സഹായം ചെയ്തിരുന്ന വടകര സ്വദേശിയില്‍ നിന്ന് കിട്ടിയ വിവരമാണ് കൂടുതല്‍ അന്വേഷണമെന്ന തീരുമാനത്തിലേക്ക് പൊലീസിനെയെത്തിച്ചത്. കുഴല്‍പ്പണം കടത്തിയിരുന്നവരെക്കുറിച്ചുള്ള കൃത്യമായ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഇവരുടെ ഇടപാടുകളും പ്രവര്‍ത്തനങ്ങളും പൊലീസ് തുടര്‍ച്ചയായി പരിശോധിക്കും. രാഷ്ട്രീയ ആക്രമണങ്ങളില്‍ പ്രതിയായവരുള്‍പ്പെടെ സമാന കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പൊലീസ് ഗൗരവമായാണ് കാണുന്നത്. വിമാനത്താവളം വഴിയുള്ള ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും.

MORE IN Kuttapathram
SHOW MORE