കോടികളുടെ ലഹരിമരുന്നു വേട്ട; പ്രതിയെ കീഴടക്കിയത് ബലംപ്രയോഗിച്ച്

kochi-charas
SHARE

കൊച്ചിയിൽ കോടികളുടെ ലഹരിമരുന്നു വേട്ട. പുതുവൈപ്പ് സ്വദേശിയിൽ നിന്ന് പതിമൂന്നു കോടി രൂപയുടെ ചരസും വിദേശനിർമിത പിസ്റ്റളും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ തോക്കിൻമുനയിൽ നിർത്തി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. 

കൊച്ചി കണ്ടെയ്നർ റോഡിൽ സിനിമാ സ്റ്റൈലിലായിരുന്നു എക്സൈസിൻറെ ലഹരിമരുന്നു വേട്ട. പുതുവൈപ്പ് സ്വദേശി ജൂഡ്സൺ നേപ്പാളിൽ നിന്ന് വൻതോതിൽ ചരസ് കൊച്ചിയിലെത്തിച്ച് വിതരണം ചെയ്യുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻറെ നീക്കം. വൻതോതിൽ ചരസ് വാങ്ങാനെത്തിയ ഇടപാടുകാരനെന്ന പേരിൽ എക്സൈസ് വിരിച്ച വലയിൽ പ്രതി വീഴുകായിരുന്നു. കുടുങ്ങിയെന്ന് ഉറപ്പായതോടെ പിസ്റ്റൾ ചൂണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനായി പ്രതിയുടെ ശ്രമം. ജനക്കൂട്ടത്തെ മറയാക്കി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ എക്സൈസ് ഉദ്യോഗസ്ഥർ കീഴടക്കി. ക്യാപ്സൂൾ രൂപത്തിലാക്കിയ ആറര കിലോ ചരസും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. 

നിലവാരം കൂടിയ റെഡ് ലേബൽ ഇനത്തിൽ പെട്ട ചരസാണ് പിടികൂടിയത്. നേപ്പാളിൽ നിന്ന് ചരസ് വാങ്ങി, ഇയാഘ തന്നെയാണ് വാഹനത്തിൽ കൊച്ചിയിലെത്തിച്ചിരുന്നത്. ഓട്ടിസം ബാധിച്ച മകനെയും ഇയാൾ ചരസ് കടത്തിന് മറയാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഇയാളുമായി ചരസ് ഇടപാട് നടത്തിയിരുന്നവരെയം എക്സൈസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ജൂഡ്സനിലേക്കെത്തിയത്. ജൂഡ്സനെ പിടികൂടന്ന ദൌത്യത്തിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ ശ്രീരാജിനും സംഘത്തിനും എക്സൈസ് കമ്മിഷണർ പ്രത്യേക പാരിതോഷികം സമ്മാനിച്ചു.

MORE IN Kuttapathram
SHOW MORE