അനന്തു ഗിരീഷ് വധക്കേസിൽ കുറ്റപത്രം; 14 പേര്‍ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ക്രൂരം

ananthu-murder
SHARE

തിരുവനന്തപുരം കരമന അനന്തു ഗിരീഷ് വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ലഹരിമാഫിയാ സംഘാംഗങ്ങളായ 14 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകം നടന്ന് 72 ദിവസം പൂര്‍ത്തിയാകുമ്പോളാണ് ഫോര്‍ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൊഞ്ചറവിള സ്വദേശിയായ അനന്തുവിന്റെ വധം. മകനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ അനന്തുവിനെ ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലഹരിമാഫിയ സംഘങ്ങളാണ് കൊലയാളികളെന്ന് ആദ്യദിനങ്ങളില്‍ തന്നെ കണ്ടെത്തി. ഒടുവില്‍ 

അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി  കുറ്റപത്രം നല്‍കി കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അന്വേഷണസംഘം. ലഹരിമാഫിയ സംഘങ്ങളായ 14 പേരാണ് പ്രതികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളായ അരുണ്‍ ബാബു, വിജയരാജ് എന്നിവരെ കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തളിയില്‍ നിന്ന് കരമനയിലേക്ക് ബൈക്കില്‍ വരവെ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കാട്ടിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മദ്യലഹരിയില്‍ പിറന്നാള്‍ ആഘോഷവും മറ്റും നടത്തിയാണ് അക്രമിസംഘം കൊല നടത്തിയത്. പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് റോഷന്‍ എന്ന ഒരു പ്രതിക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.  കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫോര്‍ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലെ സംഘമാണ് കേസ് അന്വേഷിച്ചത്.

MORE IN Kuttapathram
SHOW MORE