ഭർത്താവ് സ്വയം കഴുത്തറുത്തെന്ന് ഭാര്യ; അല്ലെന്ന് മകന്റെ മൊഴി; അരുംകൊലയിൽ നടുക്കം

vinod-murder-20
SHARE

തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച കേസില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. കല്ലയം കാരമൂട് സ്വദേശി വിനോദിനെ കുത്തിക്കൊന്ന തൊഴുവന്‍കോട് സ്വദേശി മനോജിനെയാണ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തെന്നായിരുന്നു ഭാര്യ രാഖിയുടെ ആദ്യ മൊഴി.

രണ്ടുദിവസമായി കസ്റ്റഡിയിലുണ്ടായിരുന്ന മനോജിനെ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 12ന് ഉച്ചയ്ക്കായിരുന്നു വിനോദിനെ കഴുത്തിന് മാരകമായി മുറിവേറ്റ് കുഴഞ്ഞുവീണ നിലയില്‍ വീടിന് മുന്നില്‍ കണ്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുടുംബവഴക്കിനെ തുടര്‍ന്ന് വിനോദ് സ്വയം കഴുത്തറുത്തെന്നായിരുന്നു ഭാര്യ രാഖി നല്‍കിയ മൊഴി. ഇത് വിശ്വാസത്തിലെടുക്കാത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ ശാസ്ത്രീയപരിശോധനകള്‍ നടത്തി. വിനോദിന്റെ ആറുവയസുള്ള മകന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മനോജ് വിനോദിനെ കത്തികൊണ്ട് കുത്തിയെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറായ മനോജിനെ രണ്ടുദിവസം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. 

മനോജും രാഖിയും ഏറെനാളായി അടുപ്പത്തിലായിരുന്നു. അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവ് വിനോദിനെ  രാഖി ആക്രമിച്ചതിന് വട്ടപ്പാറ സ്റ്റേഷനില്‍ നേരത്തെ കേസുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വിനോദ് വീട്ടിലെത്തുമ്പോള്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തു. വാക്തര്‍ക്കത്തിനും പിടിവലിക്കുമിടയില്‍ വിനോദിനെ മനോജ് കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്.പി അശോകന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മനോജിനെ പിടിച്ചത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MORE IN KERALA
SHOW MORE