മലേഷ്യയിൽ ഹോട്ടൽ മുതലാളി; പൊലീസിനെ ചുറ്റിച്ച തൃശൂരുകാരന്‍ കള്ളന്‍ പിടിയില്‍

eeeeeeeeeeeqqqq
SHARE

ചെന്നൈ –കേരള റൂട്ടിലെ ട്രെയിനുകളിൽ സ്ഥിരം മോഷ്ടാവായിരുന്ന തൃശൂർ സ്വദേശി പിടിയിൽ. 39 കാരനായ ഷാഹുൽ ഹമീദാണ് ചെന്നൈ റെയിൽവേ പൊലീസിന്റെ പിടിയിലായത്. മലേഷ്യയിലെ ക്വാലാലംപൂരിൽ  ഹോട്ടൽ മുതലാളിയായ ഇയാൾ രണ്ടു തവണ വിവാഹിതനുമാണ്. മൂന്നാം വിവാഹത്തിനായുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈ റെയിൽവേ സെൻട്രലിൽ നിന്നും  പിടിയിലാകുന്നത്.

റയിൽവേ ഡിജിപി സി.ശൈലേന്ദ്രബാബു,ഡിഐജി വി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാന്യമായി വസ്ത്രം ധരിച്ച് റെയിൽവേ സ്റ്റേഷനിലൂടെ അലക്ഷ്യമായി നടന്ന  ഹമീദിനെ വലയിലാക്കിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൻ മോഷണ പരമ്പര വെളിപ്പെട്ടത്. ഇയാളിൽ നിന്ന് 28 ലക്ഷം രൂപ വില വരുന്ന 110 ആഭരണങ്ങളടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തു. ഒരേ ട്രെയിനിൽ തന്നെ സ്ലീപ്പർ ക്ലാസ്, എസി ടിക്കറ്റുകൾ അടക്കമെടുത്ത് കോച്ച് മാറി മാറിയിരുന്നാണ് ഇയാൾ മോഷണം തുടർന്നത്.

ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്റ്റേഷനിലെത്തുന്ന ഹമീദ് കൊള്ളയടിക്കാൻ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ച് പിൻതുടരും. മോഷണം നടത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സ്വന്തം ലാപ്ടോപിൽ കൃത്യമായി രേഖപ്പെടുത്തുക കൂടി ചെയ്യുന്ന അപൂർവ കള്ളനാണിയാൾ. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങൾ പണയം വച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണ് മലേഷ്യയിലെ ഹോട്ടൽ സാമ്രാജ്യത്തിലേക്കുള്ള യാത്ര. പതിനൊന്ന് വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഷാഹുൽ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉൾപ്പെടെ ആറോളം ഭാഷകളു സംസാരിക്കും.നെഥർലാന്റ്സിൽ നിന്ന് മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാൾ മലേഷ്യയിൽ ഹോട്ടൽ നടത്തുന്നത്.

MORE IN Kuttapathram
SHOW MORE