ജർമൻ സംഘത്തെ ആക്രമിച്ചു മോഷണം; ഭക്ഷണം വാങ്ങിനൽകി പൊലീസ്; സംഭവം കാസർകോട്ട്

kasaragod-theft-police
SHARE

ലോക സഞ്ചാരത്തിന്റെ ഭാഗമായി കേരളം കാണാനെത്തിയ ജർമൻ സംഘത്തെ കാസർകോട്ട് കൊള്ളയടിച്ചു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന അരുൺ ഡൊമിനിക്, ജാൻ ഡൊമിനിക്, അമേന്റ വലസ്റ്റിന എന്നിവരാണു കവർച്ചയ്ക്കിരയായത്. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന 8000 രൂപയും മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും കൊള്ളസംഘം കൈക്കലാക്കി രക്ഷപ്പെട്ടു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് ജർമൻ സംഘം പര്യടനത്തിനിറങ്ങിയത്. വിവിധ രാജ്യങ്ങളിൽ കറങ്ങിയ ശേഷം  ജനുവരിയിൽ ഇവർ ഡൽഹിയിലെത്തി.അവിടെ നിന്നു വിവിധ സംസ്ഥാനങ്ങളിലെ സഞ്ചാരത്തിനു ശേഷം വാനിലാണ് കേരളത്തിലേക്കു വരുന്നത്.കേരള–കർണാടക  അതിർത്തിയിൽ കേരള ചെക്ക്  പോസ്റ്റിനായി സർക്കാർ എറ്റെടുത്ത സ്ഥലത്ത് ടെന്റ് കെട്ടി  രാത്രി  താമസിക്കവേയാണ് കൊള്ളസംഘം ഇവരെ ആക്രമിക്കുന്നത്.  പുലർച്ചെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അരുൺ ഡൊമിനിക്കിനെ  ആക്രമിക്കുകയും  ബാഗിലുണ്ടായിരുന്ന പണവും  കാർഡുകളും  കവരുകയുമായിരുന്നു.

അക്രമികൾ സ്ഥലംവിട്ട ശേഷം ജർമൻ സംഘം സമീപത്തെ പെട്രോൾ ബങ്കിൽ  അഭയം പ്രാപിച്ചു. പിന്നീടു  മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.  എഎസ്പി ഡി.ശിൽപയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പണവും  ക്രെഡിറ്റ് കാർഡും ഉൾപ്പെടെ നഷ്ടമായതിനെ തുടർന്ന് ഇപ്പോൾ സംഘത്തിനു താമസച്ചിലവും ഭക്ഷണവും നൽകുന്നതു  പൊലീസാണ്. 

MORE IN Kuttapathram
SHOW MORE