ഡേറ്റ എൻട്രി സ്ഥാപനം തട്ടിപ്പ്; ദമ്പതികൾ ലക്ഷങ്ങൾ കൈക്കിലാക്കി മുങ്ങി

കോഴിക്കോട് ഡേറ്റ എൻട്രി സ്ഥാപനം നടത്തി നിരവധി പേരിൽനിന്ന് പണം തട്ടിയ ദമ്പതികൾ കണ്ണൂരിലും സമാനമായ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കിലാക്കി. നാന്നൂറ്റി ഏൺപത് പേരിൽനിന്നാണ് ദമ്പതികൾ പണം തട്ടിയെടുത്തത്.

എറണാകുളം സ്വദേശികളായ റെജീഷ്, പ്രവീണ ദമ്പതികളെന്ന് പരിചയപ്പെടുത്തിയവരാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് വർഷം മുൻപ് കോഴിക്കോട് ഐ.ടി. വേൾഡെന്ന സ്ഥാപനം നടത്തി ഇരുന്നൂറോളം പേരെയാണ് ഇവർ വഞ്ചിച്ചത്. നടക്കാവ് പൊലീസ് കേസെടുത്തതോടെ കഴിഞ്ഞ ഡിസംബറിൽ കണ്ണൂരിലെത്തിയ ദമ്പതികള്‍ ഗ്രീൻ ഐ.ടി. എന്ന സ്ഥാപനം തുടങ്ങി. നാന്നൂറ്റി എൺപത് പേരിൽനിന്ന് അയ്യായിരത്തോളം രൂപ മുൻകൂറായി വാങ്ങി ഡേറ്റ എൻട്രി ജോലി ഏൽപിച്ചു. ജോലി പൂര്‍ത്തിയാക്കി പേപ്പറുകൾ മടക്കി നൽകി ശമ്പളം ചോദിച്ചതോടെ ദമ്പതികൾ മുങ്ങി. ഇതിനിടയിൽ സ്ഥാപനത്തിലെ കംപ്യൂട്ടറും കടത്തികൊണ്ടു പോയി. ശമ്പളം ലഭിക്കാതെ വന്നതോടെ മൂന്ന് വനിതാ ജീവനക്കാര്‍ ടൗൺ പൊലീസിൽ പരാതി നൽകി.

പതിനായിരം രൂപയിൽ താഴെ മാത്രം ഒരാളിൽനിന്ന് തട്ടിയെടുക്കുന്നതിനാൽ മിക്ക ആളുകളും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തയ്യാറാകാറില്ല. ഇതാണ് ദമ്പതികളെ വീണ്ടും തട്ടിപ്പിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.