പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

kochi-petrol
SHARE

കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി മനു രാമചന്ദ്രനെ ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അഞ്ഞൂറിലേറെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മനുവിനെ പൊലീസ് കുടുക്കിയത്. കോയമ്പത്തൂരില്‍ നിന്ന് വാടകയ്ക്കെടുത്ത ബൈക്കില്‍ കൊച്ചിയിലേക്ക് വരുന്ന വഴി പമ്പില്‍ നിന്ന് പെട്രോള്‍ കുപ്പിയില്‍ വാങ്ങി ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. 

രണ്ടുദിവസം ചിറ്റൂര്‍ റോഡിലെ ലോഡ്ജില്‍ തങ്ങിയ ശേഷം മാര്‍ച്ച് പതിനാലിനാണ് പനമ്പിള്ളി നഗറില്‍ വച്ച് പെണ്‍കുട്ടിയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മനു പെട്രോള്‍ ഒഴിച്ചത്. തീകൊളുത്താന്‍ ലക്ഷ്യമിട്ടാണ് എത്തിയതെങ്കിലും പെണ്‍കുട്ടി ബഹളം വയ്ക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും ചെയ്തതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അബുദാബിയിലേക്ക് കടന്ന പ്രതിയെ പൊലീസ് സമ്മര്‍ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സുമുതല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് മനു പൊലീസിന് മൊഴി നല്‍കി. വിവാഹാഭ്യര്‍ഥന നിരസിച്ചതും പെണ്‍കുട്ടിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയവുമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെയാണ് പ്രതി പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ വിദേശത്തുനിന്ന് കൊച്ചിയിലെത്തിയത്. 

‌പെട്രോള്‍ ഒഴിച്ചശേഷം കോയമ്പത്തൂരില്‍ മടങ്ങിയെത്തിയ പ്രതി, ബെംഗളൂരു വിമാനത്താവളം വഴിയാണ് വിദേശത്തേക്ക് കടന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.