സൂപ്പര്‍ ബൈക്കുകളില്‍ മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത്

തിരഞ്ഞെടുപ്പും വിഷുവും പ്രമാണിച്ച് സൂപ്പര്‍ ബൈക്കുകളില്‍ മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത്. ഇന്നലെ മാത്രം വടകരയില്‍ എക്സൈസ് പിടികൂടിയത് മൂന്ന് സൂപ്പര്‍ ബൈക്കുകളാണ്. പിടിക്കപെടില്ലെന്ന വിശ്വാസത്തിലാണ് വിലകൂടിയ ബൈക്കുകളില്‍ മദ്യം കടത്തുന്നതെന്നാണ് എക്സൈസ് പറയുന്നത്.

ചീറിപായുന്ന ഈ ബൈക്കുകള്‍ക്ക് ഇപ്പോള്‍ പുതിയ ദൗത്യമാണ്. മാഹിയിലെ വിലകുറഞ്ഞ മദ്യം കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമൊക്കെ കടത്തുക.  പരിശോധനയക്കായി റോഡിലിറങ്ങുന്ന പൊലീസിനെയും എക്സൈസിനെയും നൊടിയിടകൊണ്ടു വെട്ടിച്ചു കടക്കാന്‍ ഈ ബൈക്കുകള്‍ക്കാവും. ഇതാണ് കള്ളക്കടത്തുകാര്‍  ഉപയോഗപെടുത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത് 71 കുപ്പി വിദേശ മദ്യം.  .

രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലാകുകയും ചെയ്തു. ഒരാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടിരക്ഷപെട്ടു.കൊയിലാണ്ടി പന്തലായനി കുന്നിയോറ മലയില്‍ മുസ്താഖ്  വളയം സ്വദേശി സുനി എന്നിവരാണ് പിടിയിലായത്. മുസ്താഖില്‍ നിന്ന് 26 കുപ്പിയും സുനിയില്‍ നി്‌ന് 12 കുപ്പിയും പിടിച്ചെടുത്തു. ഉപേക്ഷിച്ച വാഹനത്തില്‍ നിന്നു 33 കുപ്പി ‍ കണ്ടെടുത്തു

 ഹൈവേ കേന്ദ്രീകരിച്ച്  പരിശോധന ശക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ നിരവധി വാഹനങ്ങളില്‍ മദ്യം കടത്തുന്നതായി നേരത്തെ തന്നെ ആക്ഷേപവും ഉയര്‍ന്നിരുന്നു.