കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐക്കാരുടെ മർദനമേറ്റ പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

kollam-police-1
SHARE

കൊല്ലം കൊട്ടാരക്കരയിലെ ഡിവൈഎഫ്ഐ പ്രദേശിക നേതാവ് ഉള്‍പ്പെട്ട സംഘം മര്‍ദിച്ച പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം.  ക്രൂരമർദനത്തിരയായ പൊലീസുകാർക്കു വെൽഫെയർ ഫണ്ടിൽ നിന്നുള്ള അടിയന്തര ചികിത്സാ തുക നിഷേധിച്ചതായും പരാതിയുണ്ട്. കേസില്‍ റിമാന്‍ഡിലായിരുന്ന നാലു ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഇപ്പോഴും സംഘടനയില്‍ തുടരുകയാണ്

ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദനത്തിൽ പരുക്കേറ്റ കൊട്ടാരക്കര മൊബൈൽ കൺട്രോൾ റൂം യൂണിറ്റിലെ സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്.ഹരീഷ്, എസ്.സുജിത് എന്നിവരെയാണു സ്ഥലം മാറ്റിയത്. ഹരീഷിനെ പുത്തൂരിലേക്കും സുജിത്തിനെ കരുനാഗപ്പള്ളിയിലേക്കും മാറ്റി. ഡിവൈഎഫ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തയാറാകാത്തതിനാലാണ് സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. പൊലീസ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ് ആശുപത്രിയിലായാൽ അടിയന്തര സഹായമായി വെൽഫെയർ ഫണ്ടിൽ നിന്നു 5000 രൂപ അനുവദിക്കാറുണ്ട്. 

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഇരുവര്‍ക്കും ഒരു രൂപ പോലും നൽകിയിട്ടില്ല. ഇതില്‍ പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. എന്നാൽ സ്ഥലം മാറ്റിയതിൽ പരാതിയില്ലെന്നും സ്വാഭാവിക നടപടിയാണെന്നുമാണു പൊലീസുകാർ പറയുന്നത്. 

കഴിഞ്ഞ മാസം പത്തിനു രാത്രിയാണു നാലംഗ ഡിവൈഎഫ്ഐ സംഘം ഇരുമ്പുപൈപ്പ് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പൊലീസുകാരെ ആക്രമിച്ചത്. വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു. റിമാന്‍ഡിലായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിനു മുന്നില്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു.

MORE IN Kuttapathram
SHOW MORE