ഭര്‍ത്താവിനെ തിരികെക്കിട്ടാന്‍ കുപ്പായക്കഷ്ണം; ഒപ്പം ലക്ഷങ്ങളും: സിദ്ധന്‍റെ തട്ടിപ്പ് ഇങ്ങനെ

vadakara-cheating-1
SHARE

പിണങ്ങിപ്പോയ ഭര്‍ത്താവിനെ തിരികെയെത്തിക്കാന്‍ ഷര്‍ട്ടിന്റെ ഭാഗവും അന്‍പതിനായിരവും. ആദ്യതവണ പരാജയപ്പെട്ടാല്‍ ലക്ഷങ്ങള്‍ വീണ്ടും നല്‍കി ശ്രമം തുടരാം. സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ നിരവധി തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ സ്വന്തമാക്കിയ വയനാട് സ്വദേശിയായ വ്യാജ സിദ്ധന്‍ ഉസ്മാനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവ് ഉപയോഗിച്ച ഷര്‍ട്ടിന്റെ ചെറിയൊരു ഭാഗം. അക്കൗണ്ടില്‍ അന്‍പതിനായിരം രൂപ. ഉസ്മാന്‍ തുണി കൈയ്യില്‍ കരുതി മന്ത്രം ചൊല്ലിയാലുടന്‍ പിണങ്ങിപ്പോയ ആള്‍ മടങ്ങിവരും. ആദ്യശ്രമത്തില്‍ ഭര്‍ത്താവ് വന്നില്ലെങ്കില്‍ എഴുപത്തി അയ്യായിരം രൂപ കൂടി നല്‍കണം. ഉസ്മാന്‍ പറഞ്ഞതെല്ലാം വടകര സ്വദേശിനി അതേമട്ടില്‍ അനുസരിച്ചു. പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴേക്കും ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഭര്‍ത്താവ് മടങ്ങിവന്നതുമില്ല. പൊലീസ് അന്വേഷണത്തില്‍ പിന്നീട് തെളിഞ്ഞത് ലക്ഷങ്ങളുടെ തട്ടിപ്പ്. 

വിചിത്രമായ രീതിയിലായിരുന്നു ഉസ്മാന്‍ പ്രശ്നപരിഹാരത്തിനുള്ള വഴി തേടിയിരുന്നത്. ഭൂമിവിഷയത്തിന് ഒരുപിടി മണ്ണും അന്‍പതിനായിരവും. കുടുംബ പ്രശ്നം പരിഹരിക്കാന്‍ പൂജയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കൈമാറും. അപ്പോഴും പണം അന്‍പതിനായിരം വരെ നല്‍കണം. പതിനെട്ട് വര്‍ഷത്തിലധികമായി അറബി മാന്ത്രിക ചികില്‍സയെന്ന പേരില്‍ നിരവധി കുടുംബങ്ങളെയാണ് ഉസ്മാന്‍ കബളിപ്പിച്ചിരുന്നത്. കൂടുതലും തട്ടിപ്പിലകപ്പെട്ടത് വനിതകളായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ തുടങ്ങിയ സാന്ത്വനം സെന്ററിലൂെട ഉസ്മാന്‍ തട്ടിപ്പ് വ്യാപിപ്പിച്ചു. അന്‍പതിനായിരം രൂപ നല്‍കി വിദേശരാജ്യത്ത് നിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കി. 

വിരമിച്ച എസ്.പിമാരെയും, ഡി.വൈ.എസ്.പിമാരെയും ഉള്‍പ്പെടുത്തി തമിഴ്നാട്ടില്‍ സ്വകാര്യ അന്വേഷണ ഏജന്‍സി തുടങ്ങി. ഒരുദിവസം അഞ്ഞൂറാളുകള്‍ വരെ ടോക്കണ്‍ സമ്പ്രദായം വഴി പ്രശ്നപരിഹാരത്തിനായി ഇയാളെ കാണാനെത്തിയിരുന്നു. ബഹുഭാഷാ പാണ്ഡിത്യവും മതവിഞ്ജാനവും തട്ടിപ്പിന് മറയാക്കി. വയനാട്ടില്‍ റിസോട്ട് ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ സ്ഥലവും വീടും സ്വന്തമാക്കി. എരുമേലിയില്‍ ചന്ദനത്തിരി ഫാക്ടറി തുടങ്ങി. 

ചില ചാനല്‍ പരിപാടികളിലും മുഖം കാണിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയുടെ ശബരിമല പ്രതിഷേധത്തിലും പങ്കെടുത്തു. പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ പരാതിയുമായി ആരും മുന്നോട്ടുവന്നിരുന്നില്ല. ഉസ്മാന്‍ പിടിയിലായതറിഞ്ഞ് നിരവധി വിളികളാണ് വടകര സ്റ്റേഷനിലേക്കെത്തുന്നത്. 

MORE IN Kuttapathram
SHOW MORE