കൊച്ചിയില്‍ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ഒരുമണിക്കൂറിലധികം റോഡില്‍; പ്രതിഷേധം

kochi-accident
SHARE

കൊച്ചിയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചയാളുടെ മൃതദേഹം ഒരുമണിക്കൂറിലധികം റോഡില്‍ അനാഥമായി കിടന്നു. അപകടവിവരം അറിയിച്ചിട്ടും മൃതദേഹം മാറ്റുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടായെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ഗതാഗതക്കുരുക്കും സ്വകാര്യ  ആംബുലന്‍സുകള്‍ സഹകരിക്കാത്തതുമാണ് മൃതദേഹം മാറ്റാന്‍ ൈവകിയതെന്നാണ് പൊലിസിന്റെ വിശദീകരണം.

വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപകടത്തിലാണ് സ്കൂട്ടര്‍ യാത്രക്കാരനായ വടുതല സ്വദേശി ആര്‍.പി.വെങ്കിടകൃഷ്ണന്‍ മരിക്കുന്നത്. മറ്റൊരു ഇരുചക്രവാഹനത്തിന്റെ ഇടിയേറ്റ് വെങ്കിടകൃഷ്ണന്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറിക്കടിയില്‍പ്പെട്ട വെങ്കിടകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. പൊലീസിനെ ചിലര്‍ ഫോണ്‍ചെയ്തറിയിച്ചിട്ടും ഒരു മണിക്കൂറിലധികം വൈകിയാണ് കലൂര്‍ ദേശാഭിമാനി റോഡിലേക്ക് ആംബുലന്‍സെത്തിയതെന്ന് നാട്ടുകാരും സ്ഥലത്തെ ഒാട്ടോറിക്ഷക്കാരും ആരോപിച്ചു.

എന്നാല്‍ അപകടവിവരം അറിഞ്ഞയുടനെ  സ്വകാര്യ ആംബുലന്‍സുകളുടെ സേവനംതേടിയെന്നും സഹകരിച്ചില്ലെന്നുമാണ് പൊലീസ് ഭാഷ്യം. ഒടുവില്‍ ഗതാഗതക്കുരുക്കില്‍ പൊലീസ് ആംബുലന്‍സെത്തിച്ചപ്പോഴേക്കും ഒരുമണിക്കൂറിലധികം പിന്നിട്ടുവെന്നും പൊലീസ് വിശദീകരിക്കുന്നു. വെങ്കിടകൃഷ്ണന്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ഇരുചക്രവാഹനം നിര്‍ത്താതെപോവുകയായിരുന്നു. വാഹനയുടമയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE