യുവാവിനെ വെട്ടിക്കൊന്ന കേസ്; പ്രതിയെ ഇനിയും പിടിക്കാനാകാതെ പൊലീസ്

kochi-youth-murder
SHARE

തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പിടിക്കാനാവാതെ പൊലീസ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കെ.എസ്. അനിയെ കൊന്ന സ്ഥിരം ഗുണ്ടയായ ജീവനാണ് രണ്ടാം ദിവസവും പിടിയിലാവാത്തത്. തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കരമനയിലെ അനന്തുവിന്റെയും ശ്രീവരാഹത്തെ ശ്യാമിന്റെയും കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മൂന്നാം കൊലപാതകം. ഇന്നലെ രാത്രി ബാര്‍ട്ടണ്‍ ഹില്‍ കോളനിയിലേക്കുള്ള പൊതുവഴിയില്‍ വച്ച് വെട്ടേറ്റ് കോളനിവാസിയായ കെ.സി. അനിയാണ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവനാണ് കുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. അനിയും ജീവനും ഒട്ടേറെ കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍പെട്ടവരുമാണ്. ഗുണ്ടാകുടിപ്പകയ്ക്കൊപ്പം ഏതാനും മാസം മുന്‍പ് ജീവന്റെ വീട് കയറി അനി ആക്രമിച്ചതിലെ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

വീട്ടിലേക്ക് വരുകയായിരുന്ന അനിയെ ജീവനടക്കം നാല് പേര്‍ ചേര്‍ന്ന് തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അനി ബി.എം.എസ് യൂണിയനില്‍പെട്ട ഓട്ടോ ഡ്രൈവറാണ്. പോസ്റ്ററൊട്ടിക്കുന്നതിലെ തര്‍ക്കം മൂലം സി.പി.എം ഗുണ്ടകളാണ് കൊല നടത്തിയതെന്ന് ബി.ജെ.പി ആരോപിക്കുന്നു. കൊലപാതകങ്ങള്‍ തുടര്‍ച്ചയായതോടെ പൊലീസ് ലഹരിസംഘങ്ങളെയും ഗുണ്ടകളെയും പിടിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ട് തുടങ്ങിയിരുന്നു. ഇതനുസരിച്ച് ഏതാനും ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്ത് വിട്ടയാളാണ് കൊലനടത്തിയ ജീവനെന്നത് പൊലീസിന്റെ വീഴ്ചയെന്ന ആരോപണത്തിന് മൂര്‍ച്ചകൂട്ടുന്നു.

MORE IN Kuttapathram
SHOW MORE