ചിട്ടിക്ക് നല്‍കിയ പണം അടച്ചില്ല; ഏജന്റ് തട്ടിയത് 45 ലക്ഷം

ksfe-agent-fraud.
SHARE

തിരുവനന്തപുരം തമ്പാനൂരില്‍ കെ.എസ്.എഫ്. ഇ ഏജന്റ് വ്യവസായിയില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു. ചിട്ടിക്ക് നല്‍കിയ പണം അടക്കാതെ വ്യാജ രസീത് നല്‍കി പണം തട്ടിയ ഏജന്റ് അനില്‍കുമാറാണ് അറസ്റ്റിലായത്. മറ്റേതെങ്കിലും ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം തുടങ്ങി. 

കെ.എസ്.എഫ്.ഇയുടെ തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ കളക്ഷന്‍ ഏജന്റായ അനില്‍കുമാറാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. തമ്പാനൂരിലെ വ്യവസായിയായ സൂസാ ഡിമയെയാണ് കബളിപ്പിച്ചത്. സൂസാ ഡിമ 2007ല്‍ അനില്‍കുമാര്‍ മുഖേനെ കെ.എസ്.എഫ്.ഇയില്‍ ചിട്ടി ചേര്‍ന്നു. പത്തിലേറെ ചിട്ടികളിലായി പ്രതിദിനം മുപ്പതിനായിരം രൂപ വീതം അടക്കുന്നുണ്ടായിരുന്നു. ആദ്യം ഒന്ന് രണ്ട് വര്‍ഷം കൃത്യമായ രസീത് നല്‍കി അനില്‍കുമാര്‍ പണം പിരിച്ചു. പിന്നീട് തട്ടിപ്പിലേക്ക് കടന്നു. വ്യവസായില്‍ നിന്ന് വാങ്ങുന്ന പണം കെ.എസ്.എഫ്.ഇയില്‍ അടക്കാതെ വ്യാജ രസീത് നല്‍കി. അങ്ങിനെ ഏഴ് വര്‍ഷത്തിലേറെ കബളിപ്പിച്ചു. 

ഏതാനും ദിവസം മുന്‍പ് വ്യവസായി കെ.എസ്.എഫ്.ഇ ഓഫീസിലെത്തി ചിട്ടികളേക്കുറിച്ച് അന്വേഷിച്ചപ്പോളാണ് വര്‍ഷങ്ങളുടെ കുടിശികയുണ്ടെന്ന് അറിയുന്നതും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നതും. ചോദ്യം ചെയ്യലില്‍ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വലിയ തുകയുടെ ചിട്ടിക്ക് വര്‍ഷങ്ങളുടെ കുടിശിക വന്നിട്ടും ഒരു തവണ പോലും ഇക്കാര്യം കെ.എസ്.എഫ്.ഇ ഓഫീസില്‍ നിന്ന് അറിയിച്ചില്ലെന്ന് സൂസാ ഡിമെ പരാതിപ്പെട്ടിട്ടുണ്ട്. അതിനാല്‍ അനില്‍കുമാറിനെ കൂടാതെ മറ്റേതെങ്കിലും ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചു.

MORE IN Kuttapathram
SHOW MORE