പതിമൂന്നരക്കോടിയുടെ ഹാഷിഷ് ഒായില്‍ പിടികൂടി

തിരുവനന്തപുരത്ത്  കാറില്‍ കടത്തുകയായിരുന്ന പതിമൂന്നരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഒായില്‍ പിടികൂടി. തിരുവനന്തപുരം സ്വദേശിക്ക് കൈമാറാനായി ആന്ധ്രയില്‍ നിന്ന് എത്തിച്ച ഹാഷിഷ് ഒായിലാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന ഇടുക്കി, തിരുവനന്തപുരം സ്വദേശികളായ നാലുപേരേയും ഒരു ആന്ധ്രാപ്രദേശുകാരനേയും അറസ്റ്റു ചെയ്തു. 

രാവിലെ പത്തുമണിയോടെ കുമാരപുരം കേന്ദ്രീയവിദ്യാലയത്തിന് സമീപത്തു നിന്നാണ്  ഹാഷിഷ് ഒായില്‍ പിടിച്ചെടുത്തത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിന്റ ഡോര്‍പാനലില്‍ കവറുകളിലാക്കിയാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. പതിമൂന്നരക്കിലോ വരുന്ന ഹാഷിഷ് ഒായിലിന് പൊതുവിപണിയില്‍ പതിമൂന്നര കോടിയോളം രൂപ വിലവരും. 

ഇടുക്കി സ്വദേശികളായ അനില്‍കുമാര്‍, ബാബു, തിരുവനന്തപുരം സ്വദേശികളായ ഷാജന്‍, ഷെഫീഖ്, ആന്ധ്രക്കാരനായ റാം ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുള്ള മറ്റൊരാള്‍ക്ക് ഹാഷിഷ് ഒായില്‍ കൈമാറാനായി കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.  ഇടപാടുകള്‍ക്കായി കൊണ്ടുവന്ന എട്ടരലക്ഷം രൂപയും എട്ടുമൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ആറുമാസത്തിനിടെ തിരുവനന്തപുരം റേഞ്ചില്‍ നിന്ന് മാത്രം 45 കോടിയുടെ ഹാഷിഷ് ഒായിലാണ് പിടിച്ചെടുത്തത്.