‘കുത്തിയ കത്തിയെവിടെ..?’; പ്രതിയുടെ മറുപടിയില്‍ ഞെട്ടി പൊലീസ്; ശസ്ത്രക്രിയ: അപൂര്‍വം

knife-thrissur
SHARE

‘തൃശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്തോ അടിപിടി നടക്കുന്നു. ഉടനെ എത്തണം..’ പൊലീസ് വയര്‍ലസ് സെറ്റില്‍ സന്ദേശം മുഴങ്ങി. പൊലീസ് കുതിച്ചു. സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ ചോരക്കളം. നാട്ടുകാര്‍ പറഞ്ഞു. ‘കത്തിക്കുത്താണ്. കുത്തേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയി’. പൊലീസ് ഉടനെ, ആശുപത്രിയിലേക്ക് കുതിച്ചു. കുത്തേറ്റ തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ജിബി ജോയ് പറഞ്ഞു. ‘‘ആക്രമിച്ചത് പൊരി അനീഷാണ്. നെല്ലങ്കര സ്വദേശി’’. നിരവധി കഞ്ചാവുകേസുകളിലേയും ക്രിമിനല്‍ കേസുകളിലേയും പ്രതിയാണ്. അനീഷിനെ ഉടന്‍ പിടികൂടാന്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര നിര്‍ദ്ദേശം നല്‍കി. ക്രൈംബ്രാഞ്ച് സംഘം നഗരം മുഴുവന്‍ അരിച്ചുപെറുക്കി. 

കുത്തിയവന്‍ ‘കെണിയില്‍’

നഗരത്തില്‍ നിന്ന് കറങ്ങിയിരുന്ന കുറ്റവാളി അനീഷിനെ പൊലീസ് പിടിച്ചു. കയ്യോടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വധശ്രമം, കഞ്ചാവ് വില്‍പന തുടങ്ങി നിരവധി കേസുകളിലെ പ്രതിയല്ലേ. സത്യം പറയാന്‍ സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. സ്റ്റേഷനില്‍ എത്തിയ ഉടനെ പ്രതിയോട് ചോദിച്ചു. ‘എവിടെയാടാ കത്തി. ഏതു പുഴയിലാ പറമ്പിലാ നീ അതു കളഞ്ഞേ’’. പൊലീസിന്റെ ചോദ്യം കേട്ട് കൂളായി പ്രതിയുടെ മറുപടി. ‘അതു വയറ്റില്‍ തന്നെയുണ്ട്. വേറെ എവിടെയും കളഞ്ഞിട്ടില്ല. രണ്ടാമത്തെ കുത്തിന് കത്തി നേരെ വയറ്റിലേക്ക് കയറി പോയി. തിരിച്ചുപിടിക്കാന്‍ പറ്റിയില്ല’’. പൊലീസ് ഉടനെ, ആശുപത്രിയിലേക്ക് ഓടി. കത്തി കിട്ടണമല്ലോ. ഡോക്ടര്‍മാരുമായി സംസാരിച്ചു. പൊലീസ് എത്തും മുമ്പേ ഡോക്ടര്‍മാര്‍ കത്തി വയറ്റിലുള്ള കാര്യം സ്കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. കയ്യോടെ ശസ്ത്രക്രിയ ചെയ്തു. പുറത്തെടുത്ത കത്തി പൊലീസിന് കൈമാറി. 

വിരലടയാളം കിട്ടുമോ?

കത്തി വയറിനകത്തേയ്ക്ക് ഇറങ്ങി പോയതോടെ ചോരയില്‍ മുങ്ങിയിട്ടുണ്ട്. കത്തിയുടെ കൈപിടിയിലും ചോരയാണ്. വിരലടയാളം കത്തിയില്‍ നിന്ന് നഷ്ടപ്പെടില്ല. പക്ഷേ, അതു വീണ്ടെടുക്കുക പ്രയാസമായിരിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. വിരലടയാളം വീണ്ടെടുക്കാന്‍ പ്രത്യേക തരം പൊടി വിതറുകയാണ് പതിവ്. ചോരയില്‍ നനഞ്ഞതിനാല്‍ പൊടി ഉപയോഗിച്ച് വിരലടയാളം വീണ്ടെടുക്കാന്‍ കഴിയില്ല. പ്രതിയ്ക്ക് എതിരായ പ്രധാനപ്പെട്ട തെളിവായിരുന്നു ഈ വിരലടയാളം. എന്നിരുന്നാലും സാക്ഷിമൊഴിയുണ്ട് ഈ കേസില്‍. കുത്തേറ്റയാളും സുഹൃത്തും സംഭവ സ്ഥലത്തുണ്ടായിരുന്നു. ആക്രമണം തടയുന്നതിനിടെ സുഹൃത്ത് മഹേഷിനും നിസാര പരുക്കേറ്റിരുന്നു. സാക്ഷിമൊഴിയും സാഹചര്യ തെളിവുകളും മതി കുറ്റം തെളിയിക്കാന്‍.

കത്തി വാങ്ങിയത് ഓണ്‍ലൈനില്‍

കുത്തേറ്റ സിബിയോട് പ്രതി അനീഷിന് മുന്‍വൈരാഗ്യമുണ്ട്. ഈ വൈരാഗ്യം തീര്‍ക്കാനാണ് ബാറിലേക്ക് വിളിച്ചു വരുത്തി മദ്യം വാങ്ങിക്കൊടുത്തത്. മദ്യപിച്ച ശേഷം പുറത്തിറങ്ങിയ ഉടനെയായിരുന്നു ആക്രമണം. കത്തി വാങ്ങിയത് ഓണ്‍ലൈന്‍ മുഖേനയാണ്. മുന്നൂറു രൂപയാണ് കത്തിക്കു കൊടുത്തത്. സ്വിച്ചിട്ടാല്‍ നിവരുന്ന തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. 

MORE IN Kuttapathram
SHOW MORE