ഓൺലൈൻ പരസ്യക്കാരെ കബളിപ്പിച്ച് തട്ടിയത് നിരവധി വാഹനങ്ങൾ, ഒടുവിൽ പിടിയിൽ

vehicle-theft
SHARE

ഓണ്‍ലൈന്‍ വഴി വാഹനം വില്‍ക്കാന്‍ പരസ്യം നല്‍കുന്നവരെ കബളിപ്പിച്ചുള്ള കവര്‍ച്ചയ്ക്ക് പിടിയിലായ പോണ്ടിച്ചേരി സ്വദേശി നിരവധി വാഹനങ്ങള്‍ തട്ടിയെടുത്തതായി തെളിഞ്ഞു. കോഴിക്കോട് കസബ പൊലീസിന്റെ അന്വേഷണത്തിലാണ് വില്ലുപുരം സ്വദേശി രമേശന്റെ വാഹനത്തട്ടിപ്പ് പരമ്പരയുടെ തെളിവ് കിട്ടിയത്. നേരത്തെ സമാന കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. 

വാഹനം വില്‍ക്കാനുള്ള ഉടമയുടെ നമ്പര്‍ ശേഖരിക്കുന്നതില്‍ തുടങ്ങും തട്ടിപ്പ്. മികച്ച വേഷത്തില്‍ സംശയത്തിനിട നല്‍കാതെ നേരിട്ടെത്തി വിലയുറപ്പിക്കും. ഉടമ ചോദിക്കുന്ന വില നല്‍കുന്നതാണ് രമേശന്റെ തന്ത്രം. ബാങ്ക് അവധി ദിവസത്തിന്റെ തലേന്നായിരിക്കും ഇയാള്‍ ചെക്ക് കൈമാറുക. വാഹന ഉടമ അടുത്തദിവസം ബാങ്കിനെ സമീപിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനൊപ്പം രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയുമാണ് രമേശന്റെ ലക്ഷ്യം.  

യഥാര്‍ഥ രേഖകളോടെയുള്ള വാഹനം മറ്റൊരാള്‍ക്ക് കുറഞ്ഞ വിലയില്‍ കൈമാറും. വാഹനത്തിന്റെ യഥാര്‍ഥ ഉടമയും വാഹനം വാങ്ങുന്നയാളും കബളിപ്പിക്കപ്പെടും. രമേശിന്റെ സമ്പാദ്യം ഏറുകയും ചെയ്തു. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയിരുന്നതായി രമേശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുപ്പത്തി രണ്ട് വയസിനിടയില്‍ പലതവണ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. 

ഇരുചക്രവാഹനങ്ങളായതിനാല്‍ പലരും നഷ്ടപ്പെട്ടാലും പുറത്ത് പറയാതിരിക്കുന്നത് കളവിന് സഹായമായിട്ടുണ്ട്. രമേശ് പിടിയിലായതറിഞ്ഞ് നിരവധിയാളുകള്‍ വാഹനം നഷ്ടപ്പെട്ടെന്ന് കാട്ടി പൊലീസിനെ സമീപിക്കുന്നുണ്ട്. കസബയില്‍ മാത്രം രമേശന്‍ കട്ടെടുത്ത പത്തിലധികം വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE