കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; അഞ്ച് പേർക്ക് പരുക്ക്

kanhangad-municipality
SHARE

കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗത്തിൽ കൈയ്യാങ്കളി. ചെയർമാൻ വി.വി.രമേശന്‍ ഉൾപ്പെടെ അഞ്ചു കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു. കൗണ്‍സില്‍ യോഗത്തില്‍ പരിഗണിച്ച അജണ്ടകള്‍ സംബന്ധിച്ച തര്‍ക്കമാണ് ഭരണപക്ഷ, പ്രതിപക്ഷ ഏറ്റുമുട്ടലില്‍ കാര്യങ്ങള്‍ എത്തിച്ചത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തിലായിരുന്നു ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിച്ചത്. പരിഗണിച്ച അജണ്ടകളുടെ കൂട്ടത്തില്‍ വിവിധ പൊതുമരാമത്ത് പദ്ധതികളുടെ ടെൻഡർ, ഗുണഭോക്തൃ ലിസ്റ്റ്, വേനൽക്കാലത്തെ കുടിവെള്ളവിതരണം എന്നിവ മാത്രം അംഗീകരിക്കാനും മറ്റ് അജണ്ടകൾ മാറ്റിവയ്ക്കാനും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ മുഴുവൻ അജണ്ടയും പാസാക്കിയതായി അറിയിച്ച് ചെയര്‍മാന്‍ വി.വി,രമേശന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റയുടന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ചെയര്‍മാന് സംരക്ഷണമൊരുക്കാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് എത്തിയതോടെ സംഘര്‍ഷമായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.വി. ഭാഗിരഥിക്കും പരുക്കേറ്റു.

അതേസമയം സി.പി.എം കൗൺസിലർമാർ മർദ്ദിച്ചെന്നാരോപിച്ച് ലീഗ് കൗൺസിലര്‍മാരായ എം.പി.ജാഫർ കെ. മുഹമ്മദ് കുഞ്ഞി, കെ വേലായുധൻ എന്നിവരും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്്. 

സംഭവത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷ കൗൺസിലർമാർ നഗരസഭ ഒാഫീസിനുമുന്നിൽ പൊതുയോഗവും,സി.പി.എമ്മിെൻറ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി.

MORE IN Kuttapathram
SHOW MORE