തോട്ടിലിട്ട് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചു; കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന വാളും കണ്ടെടുത്തു

periya-murder-recovery
SHARE

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ടു വടിവാളുകളും വസ്ത്രങ്ങളും അന്വേഷണസംഘം കണ്ടെത്തി. ഏച്ചിലടുക്കത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും, റബ്ബര്‍ തോട്ടത്തില്‍ നിന്നുമാണ് വാളുകള്‍ കണ്ടെടുത്തത്. മൂന്നാം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടും പൊലീസ് കണ്ടെടുത്തു. കൃത്യം നടത്തുമ്പോള്‍ മറ്റുള്ളവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പ്രതികള്‍ കത്തിച്ചിരുന്നു. 

രാവിലെ പതിനൊന്ന് മണിയോടെ ജില്ലാ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്ന് നാലാം പ്രതി അനില്‍കുമാറും, ഏഴാം പ്രതി ഗിജിനുമായി അന്വേഷണസംഘം പുറപ്പെട്ടു. കൃത്യം കഴിഞ്ഞ് പ്രതികള്‍ ഒളിച്ചുതാമസിച്ച പാക്കം വെളുത്തോളിയിലാണ് ആദ്യമെത്തിയത്. ഇവിടുത്തെ കവുങ്ങിന്‍ തോട്ടത്തിനരുകിലൂടെയുള്ള തോട്ടിലിട്ട് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചിരുന്നു.ഫൊറന്‍സിക് പരിശോധനയില്‍ ഷര്‍ട്ടിന്റെയും, ജീന്‍സിന്റെയും ബട്ടന്‍സുകളും മറ്റുഭാഗങ്ങളും ലഭിച്ചു. തുടര്‍ന്ന് തെങ്ങിന്‍ ചുവട്ടില്‍ നിന്ന് സുരേഷ് ഉപേക്ഷിച്ച ചുവന്ന ഷര്‍ട്ട് ഗിജിന്‍ കാട്ടിക്കൊടുത്തു.

ഒരുമണിയോടെ പൊലീസ് പ്രതികളുമായി ഏച്ചിലടുക്കത്തേയ്ക്ക്. ഒന്നാം പ്രതി പീതാംബരന്റെ വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലെ കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന വാളെടുത്ത് അനില്‍കുമാര്‍ പൊലീസിന് നല്‍കി. മരത്തിന്റെ പിടിയോട് കൂടിയ വാള് തുമ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ആളുകൂടിയതോടെ പ്രതിയുമായി അന്വേഷണസംഘം മടങ്ങി. ഒരുമണിക്കൂറോളം കഴിഞ്ഞ് അശ്വിനുമായെത്തിയ പൊലീസ് സംഘം കൃത്യം നടന്നതിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് സ്റ്റീല്‍ പിടിയോട് കൂടിയ മറ്റൊരുവാളുകൂടി കണ്ടെടുത്തു. ശാസ്ത്രിയ പരിശോധനയില്‍ രണ്ടു വാളുകളിലും രക്തക്കറയുണ്ടെന്ന് സ്ഥിരീകരിച്ചു.

MORE IN Kuttapathram
SHOW MORE