ഇറിഡിയം വില്‍പ്പനയുടെ പേരിൽ ലക്ഷങ്ങൾ തട്ടി; വിമുക്തഭടന്‍ പിടിയിൽ

iridum-arrest
SHARE

വിലപിടിപ്പുളള ഇറിഡിയം ലോഹം വില്‍പ്പനക്കെന്ന വ്യാജേന സാമ്പത്തികതട്ടിപ്പു നടത്തിയ വിമുക്തഭടന്‍ മലപ്പുറം പൂക്കോട്ടുംപാടത്ത് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് അത്തോളി സ്വദേശി ഗംഗാധരന്‍ നായരാണ് അറസ്റ്റിലായത്.

പൂക്കോട്ടുംപാടത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇറിഡിയം ലോഹത്തിന്റെ പേരില്‍ ഗംഗാധരന്‍ നായര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പലരില്‍ നിന്നായി പതിനാലര ലക്ഷം രൂപ തട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്. കഥ പുറത്തായതോടെ നൂറു കണക്കിന് പേര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്. സൈനികമേഖലയില്‍ ആയുധനിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇറിഡിയം കച്ചവടത്തില്‍ ലാഭവിഹിതം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് ഒരു മാസത്തികം രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പണം കൈക്കലാക്കുന്നത്.

ഇറിഡിയം വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യത്തിനൊപ്പം ആത്മവിശ്വാസവും വര്‍ധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മുന്‍പും പ്രതി സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇറിഡിയത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ ഗംഗാധരന്‍ നായര്‍ക്കെതിരെ അത്തോളി പൊലീസ് സ്റ്റേഷനില്‍ മൂന്നു വാറണ്ട് നിലവിലുണ്ട്. പ്രതിയെ നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE