ഓമനയെ കൊന്നത് വിവാഹിതനാകാനുള്ള പണം നേടാൻ; ഷൈജു റിമാൻഡിൽ

omana-murder-case
SHARE

പാലക്കാട് മാത്തൂര്‍ ചുങ്കമന്ദത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലുളള മറ്റ് രണ്ടു പേര്‍ ചികില്‍സയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ തുടര്‍നടപടിയുണ്ടാകു. മുഖ്യപ്രതിയായ ഷൈജു സ്വര്‍ണാഭരണം മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

ചുങ്കമന്ദം കൂമൻകാട് സ്വദേശി ഷൈജു, ബന്ധുവായ വിജീഷ്, സുഹൃത്ത് കൊഴിഞ്ഞൽപറമ്പ് പി.ഗിരീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ ഷൈജു മാത്രമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു, ഷൈജുവിനെ പാലക്കാട് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതും കൊലപാതക ശേഷം ഷൈജുവിനെ സഹായിച്ചെന്നുമാണ് മറ്റ് രണ്ടു പേര്‍ക്കെതിരെയുളള ആരോപണം. ഇരുവരുടെയും അറസ്്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ കൂടി പരിശോധിച്ച ശേഷമേ അറസ്റ്റു രേഖപ്പെടുത്തുവെന്നാണ് വിവരം. വിജിഷും ഗിരിഷും ആരോഗ്യപ്രശ്നങ്ങളാല്‍ ചികില്‍സയിലാണ്. 

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കൂടംതൊടി വീട്ടിൽ 63 വയസുളള ഒാമനയെ ഷൈജു കൊലപ്പെടുത്തിയത്. ഓമനയുമായി വാക്കുതർക്കം ഉണ്ടായതോടെ തലക്കടിച്ചെന്നും താഴെവീണതോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണ് ഷൈജു പൊലീസിന് നൽകിയ മൊഴി. മൃതദേഹത്തില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ നല്‍കി വസ്ത്രങ്ങളും അലമാരയുമൊക്കെ വാങ്ങാന്‍ ഷൈജു ശ്രമിച്ചതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. ഒാമനയുമായി വ്യക്തിവിരോധമുണ്ടെന്ന് ഷൈജു പൊലീസിനോട് പറഞ്ഞെങ്കിലും ഇത് തെറ്റാണെന്നാണ് വിവരം. 

ജോലിക്കൊന്നും പോകാതെ നിത്യവും മദ്യപിക്കുന്ന ഷൈജു വിവാഹിതനാകാന്‍ പണത്തിനായി ശ്രമിക്കുകയായിരുന്നുവെന്നും ഇതാകാം സ്വര്‍ണാഭരണമെടുത്ത് പണം കണ്ടെത്താന്‍ ഷൈജു ശ്രമിച്ചതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം ഒാമനയെ കാണാതാവുകയും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിെയ പിടികൂടിയതും പൊലീസിന് നേട്ടമായി.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.