റീത്തിന് പിന്നാലെ ഭീഷണി പോസ്റ്റർ; പരാതിയുമായി സിപിഎം പ്രവർത്തകൻ

കോഴിക്കോട് ബേപ്പൂര്‍ കയ്യടിത്തോടില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനുസമീപം ഭീഷണി പോസ്റ്റര്‍. റോഡരികില്‍ പതിച്ച പോസ്റ്ററില്‍  വീട്ടുടമയുടെ പേരിനൊപ്പം അപായസൂചനയുടെ ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് ഇതേവീടിനുമുന്നില്‍ റീത്ത് വച്ചകേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് വീട്ടുടമയായ ഷിബു വീടിനു സമീപത്തെ പ്രധാനറോഡില്‍ തന്റെ പേര് രേഖപ്പെടുത്തിയ പോസ്റ്റര്‍ കണ്ടത്. ഷിബുവിന്റെ പേരിനൊപ്പം  അപായ സൂചനയുടെ ചിഹ്നവുമുണ്ട്. വൈദ്യുതി പോസ്റ്റില്‍ പതിപ്പിച്ച നിലയിലായിരുന്നു പോസ്റ്റര്‍. ഉടന്‍ മാറാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

രാഷ്ട്രീയ വൈരാഗ്യമാകാം പോസ്റ്ററിനുപിന്നിലെന്ന് സംശയിക്കുന്നു. ഷിബുവിന്റെ വീടിനുമുന്നില്‍ ഒരാഴ്ചമുമ്പ് റീത്ത് വച്ചതിനും സമീപത്തെ കൊടിമരം നശിപ്പിച്ചതിനും രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നാണ്  നാട്ടുകാരുടെ പരാതി.