ആറു ജില്ല; അറുപത് കേസ്: കള്ളനായ വക്കീല്‍ ഗുമസ്ഥന്‍ (തീവെട്ടി ബാബു) പിടിയില്‍

babu-arrest-1
SHARE

മോഷണവും കഞ്ചാവ് വിൽപ്പനയും തൊഴിലാക്കിയ വക്കീൽ ഗുമസ്തനായിരുന്ന തീവെട്ടി ബാബു തൃത്താല പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനുകളിലായി അറുപതോളം കേസുകളിലെ പ്രതിയാണ്.

കൊല്ലം ചിറക്കര നന്ദു ഭവനത്തിൽ ബാബുവാണ് തൃത്താല പൊലീസിന്റെ പിടിയിലാവുന്നത്. ആറു ജില്ലകളിലായി അറുപതോളം കേസുകളിലെ പ്രതിയാണ്. കഞ്ചാവ് വിൽപ്പനയും വീടും കടകളും കുത്തിതുറന്ന് മോഷണം നടത്തുന്നതുമാണ് രീതി. പാലക്കാട് പടിഞ്ഞാറങ്ങാടിയിൽ മോഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രികാല പരിശോധനക്കിടെയാണ് ബാബുവിനെ പിടികൂടിയത്. രണ്ട് ദിവസം മുൻപ് പരിസര പ്രദേശങ്ങളിലെ കടകൾ കേന്ദ്രീകരിച്ച്  മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

പത്ത് വർഷത്തോളം വക്കീൽ ഗുമസ്തനായി ജോലി നോക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വീട്ടിൽ മോഷണം നടത്തിയ കേസിൽ ഡിസംബർ 30 നാണ് ബാബു സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്.  ഇരുപത്തിനാലാം വയസിലാണ് പ്രതി മോഷണശമത്തിനിടെ ആദ്യമായി പൊലീസിന്റെ പിടിയിലാവുന്നത്. തൃത്താല പടിഞ്ഞാറങ്ങാടിയിലെ മൂന്ന് കടകളിലാണ് ഇയാൾ മോഷണം നടത്തിയത്.

പടിഞ്ഞാറങ്ങാടിയിലെ ഒരു ഹാർഡ് വെയർ കട കുത്തിതുറന്നാണ് മോഷണത്തിനാവശ്യമായ കമ്പിപ്പാര ,ഗ്ലൗസ് ,മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE