ഓൺലൈനായി ചുരിദാറെത്തി; കൂടെ 97,500 രൂപയും പോയി; ഞെട്ടി യുവാവ്

online-fraud-new
SHARE

ഓൺലൈന്‍ ഇടപാടുകളിൽ സംഭവിക്കുന്ന ചതിക്കുഴികളെപ്പറ്റി നിരവധി സംഭവങ്ങള്‍ നാം കേട്ടും കണ്ടും അറി‍ഞ്ഞിട്ടുണ്ടാകും. ഇത്തരം ഇടപാടുകൾ നടത്തുമ്പോള്‍ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നു തെളിയിക്കുകയാണ് ഈ വാർത്തയും. അടിമാലി സ്വദേശി ജിജോ ജോസഫാണ് ഇത്തവണത്തെ ഇര. 

ഓൺലൈനായി ചുരിദാർ വാങ്ങിയ ജിജോക്ക് 2 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 97,500 രൂപ നഷ്ടപ്പെട്ടതായാണ് പരാതി.  ഗുജറാത്തിലെ സൂററ്റിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്ന് 1,000 രൂപ വിലയുള്ള ചുരിദാർ ഓർഡർ ചെയ്തു. ഡിസംബർ 22ന് പോസ്റ്റ് വഴി ചുരിദാർ ലഭിച്ചു.  ഗുണനിലവാരമില്ലെന്നു ബോധ്യമായതോടെ കമ്പനിയെ വിവരം അറിയിച്ചു. ചുരിദാർ തിരികെ എടുക്കാമെന്നും പണം തിരിച്ചു നൽകാൻ അക്കൗണ്ട് നമ്പറും ഫോണിൽ വരുന്ന ഒടിപി കോഡും നൽകണമെന്നും കമ്പനി അധികൃതർ പറഞ്ഞു.

അടിമാലി ഫെഡറൽ ബാങ്കിലെ അക്കൗണ്ട് നമ്പറും മെസേജായി വന്ന ഒടിപി കോഡും നൽകി. 10 മിനിറ്റിനുള്ളിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 95,000 രൂപ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനിയെ ഉടൻ അറിയിച്ചു. 2,000 രൂപയിൽ കൂടുതൽ മിനിമം ബാലൻസ് ഉള്ള മറ്റൊരു അക്കൗണ്ട് നമ്പർ നൽകിയാൽ തിരികെ നിക്ഷേപിക്കാം എന്നായിരുന്നു മറുപടി. ഇതോടെ കഴിഞ്ഞ 11ന് അടിമാലി ഐസിഐസിഐ ബാങ്കിലെ അക്കൗണ്ട് നമ്പർ നൽകി. 3,000 രൂപയുണ്ടായിരുന്ന അക്കൗണ്ടിൽ നിന്നു 2,500 രൂപ നഷ്ടപ്പെട്ടു. വീണ്ടും കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ 5,000 രൂപ മിനിമം ബാലൻസുള്ള അക്കൗണ്ടിലേക്കു മാത്രമേ പണം കൈമാറാൻ കഴിയുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ഇതോടെ ആണ് തട്ടിപ്പ് മനസ്സിലാക്കിയ യുവാവ്  പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയതായി പൊലീസ് പറ‍ഞ്ഞു.

MORE IN Kuttapathram
SHOW MORE