കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ പിടിയിൽ

car-show-arrest
SHARE

കോട്ടയത്ത് നാട്ടുകാർക്ക് ഭീഷണി ഉയർത്തി കാറിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കള്‍ ഒടുവില്‍ പൊലീസിന്‍റെ പിടിയിലായി. എസ്ഐയെ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ കാർ ഇടിച്ച് പൊലീസ് ജീപ്പിന്‍റെ ഒരുഭാഗവും തകർന്നു. 

കോടിമത പുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് സുഹൃത്തുക്കളായ നിഷാദ്, അരുൾ മോഹൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. തിരുവാതുക്കല്‍ ഭാഗത്തെ റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. അമിതവേഗതയില്‍ റോഡിലൂടെ പാഞ്ഞ ഇവര്‍ കാല്‍നടയാത്രക്കാരെ ഉള്‍പ്പെടെ വിറപ്പിച്ചു. സന്ധ്യയ്ക്ക് തുടങ്ങിയ അഭ്യാസം രാത്രി വൈകിയും തുടര്‍ന്നു. റോഡിലൂടെ മറ്റു വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത ഗതി വന്നതോടെ നാട്ടുകാര്‍ പൊലീസിന്‍റെ സഹായം തേടി. വെസ്റ്റ് എസ്ഐ ടോം മാത്യുവും രണ്ട് പൊലീസുകാരുമാണ് ആദ്യം ജീപ്പില്‍ സ്ഥലത്തെത്തിയത്. ഇതോടെ അഭ്യാസികളായ യുവാക്കള്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. 

ഇതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ രണ്ട് തവണ ഇടിപ്പിച്ചു. ഇതോടെ കാര്‍ തടയാന്‍ എസ്ഐ ടോം മാത്യു പുറത്തിറങ്ങി. എസ്ഐയെ ഇടിച്ച് തെറിപ്പിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ഇടിച്ച് തെറിപ്പിച്ച എസ്ഐയുടെ കയ്യൊടിഞ്ഞു. മുഹമ്മദ് ഷെരീഫിന്‍റെ ഉടമസ്ഥയിലുള്ള കാറും കസ്റ്റഡിയിലെടുത്തു. മൂവർസംഘം പതിവായി റോഡിൽ അഭ്യാസപ്രകടനം നടത്തുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. എസ്ഐയെ അക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE