ഹോട്ടലില്‍ കയറി ക്രൂരമര്‍ദ്ദനം; എംഎല്‍എ ബന്ധത്തില്‍ അറസ്റ്റില്ല: വിഡിയോ

hotel-fight
SHARE

നെയ്യാറ്റിന്‍കര എം.എല്‍.എയുടെ പി.എയുടെ സഹോദരനും മകനും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചപ്പാത്തി സൗജന്യമായി നല്‍കിയില്ലെന്ന് ആരോപിച്ചാണ് കടയില്‍ കയറി മര്‍ദിച്ചത്. ദൃശ്യങ്ങളടക്കം പരാതി ലഭിച്ച് മൂന്ന് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസും ഒത്തുകളിക്കുകയാണ്.

ബാലരാമപുരത്തിന് സമീപം വഴിമുക്കില്‍ ബുധനാഴ്ച രാത്രിയാണ് ഈ മര്‍ദനം അരങ്ങേറിയത്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ.എ.ആന്‍സലന്റെ പി.എയുടെ സഹോദരനും സി.പി.എം പ്രവര്‍ത്തകനുമായ റൗഫും അദ്ദേഹത്തിന്റെ മകനുമാണ് ഈ അതിക്രമം കാട്ടുന്നത്.  

ചപ്പാത്തിക്കടയിലെ ജീവനക്കാരനെയാണ് ഇവര്‍ വളഞ്ഞിട്ട് ക്രൂരമായി തല്ലുന്നത്. അതും ചപ്പാത്തി സൗജന്യമായി നല്‍കിയില്ലെന്ന വിചിത്രകാരണം പറഞ്ഞ്. ഇതിന്റെ തലേദിവസം ഇവര്‍ 85 ചപ്പാത്തി വാങ്ങിയപ്പോള്‍ അഞ്ച് ചപ്പാത്തി സൗജന്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അത് നല്‍കിയില്ലെന്ന് പറഞ്ഞാണ് പിറ്റേദിവസമെത്തി ആക്രമിച്ചത്.  വ്യാഴാഴ്ച തന്നെ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തതല്ലാതെ എം.എല്‍.എയുടെ പി.എയുടെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല. 

ഇതോടെ ഇനിയും പരാതി പറയാന്‍  ഭയന്ന് ബാലരാമപുരത്തെ ജോലി മതിയാക്കി സ്വന്തം നാടായ മലപ്പുറത്തേക്ക് മടങ്ങാനൊരുങ്ങുകയാണ് മര്‍ദനമേറ്റ യുവാവ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസിനെ തല്ലിയെ കേസില്‍ അറസ്റ്റിലായതും ആന്‍സലന്റെ ഇതേ പി.എയുടെ സഹോദരന്റെ മകനായിരുന്നു. ഇതിന് പിന്നാലെയാണ് പി.എയുടെ കുടുംബത്തിന്റെ അതിക്രമത്തിന്റെ മറ്റൊരു തെളിവും പുറത്ത് വരുന്നത്.

MORE IN Kuttapathram
SHOW MORE