ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; കൊള്ളസംഘ തലവന്‍ പാലക്കാട് പിടിയില്‍

highway-robbery-1
SHARE

ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന കൊള്ളസംഘത്തിന്റെ തലവന്‍ തൃശൂര്‍ സ്വദേശി വിപിന്‍  പാലക്കാട്ടു പിടിയിൽ. സ്വര്‍ണവ്യാപാരികളെയും കുഴല്‍പണം കടത്തുകാരെയും ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതായിരുന്നു രീതി. സംഘത്തിലെ നാലുപേരെ രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. 

തൃശൂർ അരിമ്പൂർ വെളുത്തൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിപിൻ എന്ന പട്ടാളം വിപിനാണ് കൊളളസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. വയസ് 23 ആയിട്ടുളളു. പക്ഷേ സ്വർണ്ണ വ്യാപാരികളെയും കുഴൽപ്പണം കടത്തുകാരെയും തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കൈക്കലാക്കുന്നതില്‍ അതിവിദഗ്ധനാണ്. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളാണ് പ്രധാനമായും കവര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തിരുന്നത്. കൂടാതെ സേലം കൊച്ചി ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളും കുഴല്‍പണക്കടത്തുകാരും സ്വര്‍ണക്കടത്തുകാരും വിപിന്‍ ഉള്‍പ്പെടുന്ന കൊളളസംഘത്തിന് ഇരയായിരുന്നു.

ഇത്തരത്തിലുളള പതിനൊന്ന് പ്രധാന കവര്‍ച്ചാ കേസുകളാണ് ഇതിനോടകം തെളിഞ്ഞിരിക്കുന്നത്. വിപിന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ നമ്പർ ഉപയോഗിച്ച് വാഹനമോടിച്ചതിന് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിപിനെതിരെ കേസുണ്ട്. കഴിഞ്ഞ ഒാഗസ്റ്റ് 29 ന് വാളയാർ അതിർത്തിയിൽ ചെന്നൈയിലേക്ക് പോയ കല്ലട ബസിനെ രണ്ട് കാറുകളിലെത്തിയ ഏഴുപേര്‍ തടഞ്ഞു നിർത്തിയിരുന്നു. 

പൊലീസാണെന്ന് പറഞ്ഞ് തൃശൂർ സ്വദേശിയായ ജോൺസനെ ബസില്‍ നിന്ന് പിടിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാൽ കിലോ സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ചു. ഇൗകേസിലെ അന്വേഷണമാണ് വഴിത്തിരിവായത്. രണ്ടാഴ്ചമുന്‍പ് കേസിലെ മറ്റ് പ്രതികളായ നാലുപേരെ പിടികൂടിയിരുന്നു. വാളയാര്‍ പൊലീസിനു പുറമേ ക്രൈംസ്ക്വാഡിലുളളവരും ചേര്‍ന്ന് വിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.

MORE IN Kuttapathram
SHOW MORE