ഇനി മോഷ്ടിക്കുന്നില്ല, ബൈക്ക് നിങ്ങൾ വാങ്ങിത്തന്നാൽ മതി’; പൊലീസിനോട് കുട്ടിമോഷ്ടാക്കള്‍

gunda3
SHARE

കുറച്ചുനാൾ മുൻപ് ഒല്ലൂരിൽ യുവാവിനെ വടിവാളുകൊണ്ടു മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പതിനേഴുകാരനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയിരുന്നു. എന്തിനു യുവാവിനെ ആക്രമിച്ചുവെന്ന പൊലീസിന്റെ ചോദ്യത്തിനു പതിനേഴുകാരൻ അലസമായി നൽകിയ മറുപടിയിങ്ങനെ: ‘ഓ, പ്രത്യേകിച്ചു കാരണമൊന്നുമില്ല.’ ഈ കാരണമില്ലായ്മയ്ക്കു പിന്നിലെ കാരണം തേടി പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നു വ്യക്തമായതു ഞെട്ടിക്കുന്ന വിവരങ്ങൾ.

ഗുണ്ടയായി മാറണമെന്ന ആഗ്രഹം മൂത്ത് മനഃപൂർവം ക്രിമിനൽ കേസുകൾ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങൾ ശീലമാക്കുകയും ചെയ്യുന്ന കൗമാരക്കാരുടെ സംഘങ്ങൾ തലപൊക്കുന്നു. കേസ് നടത്തിപ്പിനും അനുയായികളെ ‘റിക്രൂട്ട്’ ചെയ്യാനുള്ള പണം കണ്ടെത്താനുമായി ബൈക്ക് മോഷണവും കഞ്ചാവ് വിൽപനയും സജീവം. കുപ്രശസ്ത ഗുണ്ടകളുടെ അനുചരന്മാരായി ചേരാൻ ശ്രമിക്കുന്നവരുമുണ്ട്.

ഇനി മോഷ്ടിക്കുന്നില്ല, ബൈക്ക് നിങ്ങൾ വാങ്ങിത്തന്നാൽ മതി!

മെഡിക്കൽ കോളജ് പരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ പിടിയിലായ കൗമാരക്കാരനോടു ബൈക്കുടമ ചോദിച്ചു, ‘ഇത്രയും ചെറുപ്രായത്തിൽ എന്തിനാ മോനേ മോഷ്ടിക്കാൻ നടക്കുന്നത്?’ കൗമാരക്കാരന്റെ മറുപടിയിങ്ങനെ: ‘എന്നാൽ ഞാൻ മോഷ്ടിക്കുന്നില്ല, ബൈക്ക് നിങ്ങൾ വാങ്ങിത്തന്നാൽ മതി..’ ചോദ്യം ചെയ്യുന്ന പൊലീസിനോടും കോടതിയിൽ ഹാജരാക്കുമ്പോൾ അഭിഭാഷകരോടും കൗമാര ഗുണ്ടകളുടെ പെരുമാറ്റം പലപ്പോഴും ഇങ്ങനെയാണ്. 

18 വയസ്സ് തികയാത്തതിനാൽ ജയിൽവാസം ലഭിക്കാത്തതിൽ വിഷമിച്ചാണു കുറ്റവാളികളിൽ ചിലർ കോടതി വിട്ടിറങ്ങുന്നതു തന്നെ! വിലകൂടിയ ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ടാൽ ഇഗ്നിഷ്യൻ കേബിളിൽ കൃത്രിമം കാട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തു കടത്തിക്കൊണ്ടു പോകുകയാണ് ഇവരുടെ രീതി.

വട്ടപ്പേരുകൾ സ്വയമിടും, പേരു പ്രചരിപ്പിക്കാൻ കുറ്റകൃത്യങ്ങൾ

കുപ്രശസ്തരായ പല ഗുണ്ടാത്തലവന്മാരും വട്ടപ്പേരുകളിലാണല്ലോ അറിയപ്പെടുക. ഇതേ വഴിയിലൂടെയാണ് കൗമാരസംഘങ്ങളുടെയും സഞ്ചാരം. സ്വയം ‘മാർക്കറ്റ്’ ചെയ്യാൻ വട്ടപ്പേരുകൾ സ്വന്തമായി കണ്ടുപിടിച്ചിടുന്നതാണ് ഇവര‍ിൽ പലരുടെയും രീതി. പതിനെട്ടു വയസ്സ് തിയകുന്നതിനു മുൻപേ തന്നെ വട്ടപ്പേരുകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെപ്പേർ നഗരത്തിൽ തന്നെയുണ്ട്.

വട്ടപ്പേരുകളിലൂടെയാകും തങ്ങളുടെ കുപ്രശസ്തിയുടെ വളർച്ച എന്നതിനാൽ പേരു പ്രചരിപ്പിക്കാൻ ഇക്കൂട്ടർ കണ്ടെത്തുന്ന മാർഗം കുറ്റകൃത്യങ്ങളാണ്. മനഃപൂർവം കേസുകൾ സൃഷ്ടിക്കുന്നതിലൂടെ പേരു പ്രചരിക്കുന്നു. കൗമാര കുറ്റവാളികളിൽ പലരുടെയും പേരുകൾ പൊലീസ് ഫയലുകളിൽ ഇടംപിടിച്ചതു വട്ടപ്പേരുകളായാണ്. കുറ്റവാളികളുടെ ഔദ്യോഗിക പട്ടികയിലും ഇവരുടെ വട്ടപ്പേര് 

ഔദ്യോഗിക പേരിനു പകരം സ്ഥാനം പിടിക്കും. തന്നെയും കൂട്ടത്തിൽച്ചേർക്കണമെന്ന അഭ്യർഥനയുമായി ഒരു പയ്യൻ നഗരത്തിലെ ഗ‍ുണ്ടാനേതാവിനെ സ്ഥിരമായി സമീപിച്ചിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോൾ പയ്യനെ തമാശ രൂപത്തിൽ ഗുണ്ടാനേതാവ് വിശേഷിപ്പിച്ച വാക്കാണ് ഇപ്പോൾ അവന്റെ പൊലീസ് രേഖകളിലെ പേര്!

അഞ്ചംഗ കൗമാരസംഘം,പണി ബൈക്ക് മോഷണം

ഒല്ലൂരിൽ യുവാവിനെ വെട്ടിയ കേസിൽ അറസ്റ്റിലായ കൗമാരക്കാരുടെ സംഘത്തിന്റെ തലവൻ പതിനേഴുകാരൻ. കഞ്ചാവ് കടത്ത്, മോഷണം തുടങ്ങി ഒട്ടേറെ ക്ര‍ിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും 18 വയസ്സ് തികയാത്തതിനാൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒല്ലൂരിലെ വെട്ടുകേസിനു ശേഷം തോപ്പ് സ്റ്റേഡ‍ിയത്തിനു സമീപം യുവാവിന്റെ മൂക്ക് കല്ലുകൊണ്ടിടിച്ചു തകർത്ത കേസിൽ ഈ സംഘത്തിലെ മൂന്നു പേർ പിടിയിലായിരുന്നു. 

തലവനടക്കം രണ്ടു പേർ ഇപ്പോഴും ഒളിവിൽ

പതിനേഴുകാരൻ നയിക്കുന്ന ഈ സംഘത്തിന്റെ ജീവിതലക്ഷ്യം തന്നെ ഗുണ്ടയായി മാറുകയെന്നതാണ്. ഒന്നിലധികം കേസുകൾ സ്വന്തം പേരിലായതോടെ കേസ് നടത്തിപ്പിനും അനുയായികളെ കൂട്ടാനുമുള്ള പണം കണ്ടെത്താൻ ഇവർ ബൈക്ക് മോഷണം ശീലമാക്കി. ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള ബൈക്കുകളാണ് ഇവരുടെ ഉന്നം. 

പാലക്കാട്, വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽനിന്ന് അഞ്ചു ബൈക്കുകളും മെഡിക്കൽ കോളജ്, ചാലക്കുടി എന്നിവിടങ്ങളിൽനിന്നു രണ്ടു ബൈക്കുകളും ഇവർ മോഷ്ടിച്ചു കടത്തി. ബൈക്ക് വിറ്റുകിട്ടുന്ന പണം കേസ് നടത്തിപ്പിനും വട്ടച്ചെലവിനും അനുയായികളെ പോറ്റാനുമായി ഉപയോഗിച്ചു.

കുപ്രശസ്തരായ ഗുണ്ടാത്തലവന്മാരുമായി തങ്ങൾക്കു ബന്ധമുണ്ടെന്ന് അവകാശപ്പെട്ടു കൗമാരക്കാരായ കുട്ടികളെ അനുയായികളായി റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമിച്ചിരുന്നു. 

ഇവരെ ഉപയോഗിച്ചു കഞ്ചാവ് വിൽക്കുന്നതും പതിവാക്കി. കല്ലുകൊണ്ടു യുവാവിന്റെ മൂക്കിടിച്ചു തകർത്ത കേസിൽ പൊലീസ് തിരയുന്നതു മനസിലാക്കി അഞ്ചു പേരും മുങ്ങി. എന്നാൽ, കുണ്ടുവാറയിലെ ഒളിത്താവളത്തിൽ കഞ്ചാവ് വലിച്ചിരിക്കുന്നതിനിടെ സിറ്റി ക്രൈംബ്രാഞ്ച് സംഘം ഇവരെ വളഞ്ഞു. രണ്ടു പേർ ഓടിരക്ഷപ്പെട്ടെങ്കിലും ഷാജൻ, അനന്തു, ആഷിക് എന്നീ മൂന്ന‍ു പേരെ അറസ്റ്റ് ചെയ്തു.

തലവന്മാരോട് ആരാധന, പച്ചകുത്തി വിധേയത്വം

ഗുണ്ടാത്തലവന്മാരോടുള്ള ആരാധന മൂത്ത് അവരുടെ പേരുകൾ ശരീരത്തിൽ പച്ചകുത്തി നടക്കുന്ന കൗമാരക്കാരേറെ. നെഞ്ചിലും കൈത്തണ്ടയിലും മുതൽ വിരലുകളിൽ വരെ പച്ചകുത്തുന്നവരുണ്ട്. വിരലിലെ പച്ചകുത്തലിനാണ് ഇപ്പോൾ കൂടുതൽ മൂല്യം. ഏറെ വേദന സഹിച്ചാലേ വിരലിൽ പച്ചകുത്താനാകൂ എന്നതിനാൽ ഗുണ്ടാത്തലവന്മാര‍ുടെ പേര് വിരലിൽ പച്ചകുത്തി ആരാധനയും വിധേയത്വവും പ്രകടിപ്പിക്കാൻ കൗമാരക്കാർ മത്സരിക്കുന്നു. 

ഗുണ്ടാത്തലവന്മാരെ ജയിലുകളിൽനിന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ കോടതിവരാന്തയിൽ കാത്തുനിന്നു മുഖംകാണിക്കുന്ന കൗമാരക്കാരുടെ എണ്ണം പേടിപ്പെടുത്തുന്നതാണെന്നു പൊലീസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തലവന്മാർ ട്രെയിനിൽ കയറുന്നതു വരെ കൗമാര ആരാധകർ അനുഗമിച്ചു പ്രീതി പിടിച്ചുപറ്റും.

ആരാധനയും വിധേയത്വവും ഊട്ടിയുറപ്പിക്കാൻ തലവന്മാർക്കു പൊലീസിന്റെ കണ്ണുവെട്ടിച്ചു കഞ്ചാവ് കൈമാറുന്ന കൗമാരക്കാരുണ്ട്. ഷൂസിനുള്ളിലും മറ്റും ഒളിപ്പിച്ചാണു കഞ്ചാവ് കടത്ത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നു തൃശൂരിലെ കോടതിയിലേക്കു കൊണ്ടുപോയ ഗുണ്ടാത്തലവനു കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ രണ്ടു യുവാക്കൾ നേരത്തെ അറസ്റ്റിലായിരുന്നു.

തലവന്മാരുടെ അനുയായികളാണു തങ്ങളെന്നു ബോധ്യപ്പെടുത്താൻ ഇവർക്കൊപ്പം നിന്നെടുത്ത സെൽഫികൾ കൗമാരസംഘങ്ങൾ ഉപയോഗിക്കുന്നു. ഈ ഫോട്ടോകൾ കാട്ടി സമപ്രായക്കാരായ കുട്ടികളെ തങ്ങളുടെ സംഘത്തിൽ ചേർക്കാനും ഇവർ ശ്രമിക്കുന്നു.

അടിപിടിക്കേസുകളിലും മറ്റും പിടിയിലായ ചില കൗമാരക്കാരുടെ ദേഹപരിശോധന നടത്തിയ പൊലീസ് സംഘം പച്ചകുത്തലിന്റെ ഭീകരത കണ്ട് ഞെട്ടിയിട്ടുണ്ട്. നെഞ്ചിലും കൈത്തണ്ടയിലും മുഴുനീളത്തിലാണു പച്ചകുത്തൽ.

MORE IN Kuttapathram
SHOW MORE