കിടപ്പുമുറിയുടെ ജനൽ തകർത്ത് വെടിയുണ്ട; പരിഭ്രാന്തി

bullet5
SHARE

വീട്ടിൽ അടച്ചിട്ടിരുന്ന കിടപ്പുമുറിയുടെ ജനൽചില്ലുകൾ പൊട്ടിയനിലയിൽ കണ്ടതിനെ  തുടർന്നു നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്നും കിട്ടിയതു വെടിയുണ്ട. വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ശിവോദയത്തിൽ അജിത്തിന്റെ വീട്ടിനുള്ളിലേക്കാണു വെടിയുണ്ട തുളച്ചു കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ അജിത്തും ഭാര്യ നീതുവും കുഞ്ഞിന്റെ അസുഖത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിലായിരുന്നു.

ഈ ദിവസങ്ങളിൽ അജിത്തിന്റെ അച്ഛനും അമ്മയും മാത്രമാണു  വീട്ടിലുണ്ടായിരുന്നത്. ഇവർ താഴത്തെ നിലയിലാണു താമസം. എന്നാൽ ഇന്നലെ രാവിലെ 11ന് ആശുപത്രിയിൽ നിന്നും അജിത്തും ഭാര്യയും  എത്തിയപ്പോഴാണു വീടിന്റെ മുകളിലത്തെ നിലയിൽ അടച്ചിട്ടിരുന്ന കിടപ്പുമുറിയിലെ രണ്ടു ജനൽ പാളികളി‍ൽ ഒന്നിന്റെ ചില്ല്  തകർന്നതു ശ്രദ്ധയിൽപെട്ടത്.

തുടർന്നു മുറി വൃത്തിയാക്കിയപ്പോഴാണു വെടിയുണ്ട ലഭിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ ചുമതലയുള്ള അശോക് കുമാർ, മലയിൻകീഴ് എസ്ഐ: എൻ.സുരേഷ്കുമാർ എന്നിവർ സ്ഥലത്ത് എത്തി. വെടിയുണ്ട കൊണ്ടാണു ചില്ലു തകർന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. ബാലിസ്റ്റ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും ഇന്നു പരിശോധന നടത്തും. മുറി പൂട്ടി പൊലീസ്  സീൽ ചെയ്തിരിക്കുകയാണ്.

വെടിയുണ്ട ഫയറിങ് സ്റ്റേഷനിൽ നിന്ന് ആകാമെന്നു പൊലീസ്

മൂക്കുന്നിമലയിലെ വ്യോമസേനയുടെ ഉടമസ്ഥയിലുള്ള ഫയറിങ് സ്റ്റേഷനിൽ നിന്നാവും വെടിയുണ്ട വന്നതെന്നു പൊലീസ്. ശനിയാഴ്ച ഇവിടെ വിവിധ സേനാവിഭാഗങ്ങളുടെ പരിശീലനം നടന്നതായി അന്വേഷണ സംഘം പറഞ്ഞു.  രണ്ടുവർഷം മുൻപ്  വിളവൂർക്കൽ സിന്ധുഭവനിൽ രാമസ്വാമിയുടെ വീട്ടിൽ വെടിയുണ്ട തുളച്ചു കയറിയിരുന്നു.

അന്നു വീട്ടിനുള്ളിൽ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കൂടാതെ നാലു വർഷം മുൻപ് മലയം ശിവക്ഷേത്രത്തിനു സമീപം വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന സ്ത്രീയുടെ വയറ്റിൽ ബുള്ളറ്റ് പതിച്ചു സാരമായ പരുക്കേറ്റു. 

മൂക്കുന്നിമലയിലെ ഫയറിങ് സ്റ്റേഷനിൽ നിന്നാണ് ഇവിടങ്ങളി‍ൽ ബുള്ളറ്റ് എത്തിയതെന്നു പൊലീസ് തറപ്പിച്ചു പറയുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വ്യോമസേനയിലെ ഉദ്യോഗസ്ഥർ തയാറായില്ല. മൂക്കുന്നിമലയിൽ നിന്നും കിലോമീറ്റർ അകലെയുള്ള ഈ പ്രദേശങ്ങളിൽ വെടിയുണ്ട വരാൻ സാധ്യത കുറവാണെന്നാണു സൈന്യത്തിന്റെ വിശദീകരണം. എന്നാൽ ഫയറിങ് സ്റ്റേഷനിൽ പരിശീലനം നടക്കുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.

MORE IN Kuttapathram
SHOW MORE