സാറെ, അവൻ എന്നെ കൊല്ലും; ഫോൺ വയ്ക്കും മുൻപ് അരുംകൊല; ‍ഞെട്ടൽ മാറാതെ സിഐ

kgd-murder-case
SHARE

‘ഒന്നുകൊണ്ടും പേടിക്കേണ്ട.നിങ്ങൾ വാതിൽ അടച്ചിട്ടിരിക്കൂ. ഞാൻ ഉടനെത്താം..’ ആദൂർ സിഐ എം.എ.മാത്യു മാധവൻ നായരോട് ഇതു പറഞ്ഞ് തീരുന്നതിന് മുൻപ് ശ്യംകുമാർ വീട്ടിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ കുത്തി വീഴ്ത്തിയിരുന്നു. കാസർകോട്  മുള്ളേരിയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുതർക്കമാണ് ഇത്തരത്തിൽ ഒരു അരുംകൊലയിലേക്ക് നയിച്ചത്. കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി.മാധവൻ നായരാണ്കൊല്ലപ്പെട്ടത്.

മാധവൻ നായരുടെ  ഭാര്യയുടെ സഹോദരനും മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസറുമായ ശ്യാംകുമാറാണ് കൊലനടത്തിയത്. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം  വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞ​ു. ഇന്നലെ ഉച്ചയ്ക്ക് 1.10 നാണു സംഭവം. കുത്തിയ വിവരം ആദൂർ സിഐ എം.എ.മാത്യുവിനെ ഫോണിൽ അറിയിച്ച ശ്യാംകുമാർ, സിഐ വരുന്നതു വരെ സമീപത്തെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു കീഴടങ്ങുകയായിരുന്നു.ശ്യാംകുമാറിന്റെ അമ്മയുടെ കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിന്റെ പേരിൽ മാധവൻ നായരുമായി തർക്കമുണ്ടായിരുന്നു.

അതുമായി ബന്ധപ്പെട്ടു മാധവൻ നായരുടെ വീടിന്റെ ജനൽ എറിഞ്ഞു തകർത്തതിന് ആദൂർ സിഐ ഇന്നലെ ശ്യാംകുമാറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. തിരികെ വീട്ടിലെത്തി കത്തിയെടുത്തു മാധവൻനായരെ കൊല്ലാൻ പോകുകയാണെന്ന് അമ്മയെ അറിയിച്ച ശേഷം ഇയാൾ ബൈക്കിൽ കയറി പോകുകയായിരുന്നു. ഈ വിവരം അപ്പോൾ തന്നെ ശ്യാംകുമാറിന്റെ അമ്മ, സഹോദരിയും മാധവൻ നായരുടെ ഭാര്യയുമായ രുദ്രകുമാരിയെ ഫോണിൽ അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ മാധവൻ നായർ ഇക്കാര്യം സിഐയെ വിളിച്ചു പറഞ്ഞു. വാതിലുകൾ അടച്ചു അകത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ശ്യാംകുമാർ വിളിച്ചാൽ വാതിൽ തുറക്കരുതെന്നും അപ്പോഴേക്കും താൻ എത്താമെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സിഐ. വിഷയം സിഐയുമായി സംസാരിക്കുന്നതിനിടെയാണു വാതിൽ ചവിട്ടിത്തകർത്ത് അകത്തു കടന്ന ശ്യാംകുമാർ, മാധവൻ നായരുടെ നെഞ്ചിൽ കുത്തിയത്. രുദ്രകുമാരിക്കും തടയാൻ കഴിഞ്ഞില്ല. ബഹളം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ശ്യാംകുമാർ ബൈക്കിൽ കടന്നുകളഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന മാധവൻ നായരെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് ആഴത്തിലായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. എല്ലാറ്റിനും സാക്ഷിയായി ഫോണിന്റെ മറുതലയ്ക്കൽ നിസ്സഹായനായി നിൽക്കുകയായിരുന്നു ആദൂർ സിഐ എം.എ.മാത്യു. അൽപസമയത്തിനകം മറ്റൊരു ഫോൺകോളും അദ്ദേഹത്തിന്റെ ഫോണിലെത്തി. മാധവൻ നായരെ താൻ കുത്തിയെന്നു പറഞ്ഞു ശ്യാംകുമാറിന്റെ വിളി. ആദൂരിൽ നിന്നു പൊലീസ് എത്തുമ്പോഴേക്കും കൃത്യം നടത്തി ശ്യാംകുമാർ ശാന്തിനഗർ ബസ് സ്റ്റാൻഡിനു സമീപം നിൽക്കുകയായിരുന്നു.

ശ്യാംകുമാറിന്റെ അമ്മയുടെ മാതാപിതാക്കളുടെ പേരിലാണു സ്ഥലമുള്ളത്. ഇരുവരും മരിച്ചതിനാൽ അവകാശികളായ എല്ലാ മക്കളും ചേർന്നാൽ മാത്രമേ വീതം വയ്ക്കാൻ കഴിയുമായിരുന്നുള്ളൂ. മാധവൻ നായരുടെ ഭാര്യക്കുപുറമെ 7 മക്കൾ വേറെയുമുണ്ട്. മാധവൻ നായർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ശ്യാംകുമാറിന് എല്ലാവരോടും വൈരാഗ്യമായി. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി എം.വി.സുകുമാരൻ എന്നിവർ സ്ഥലത്തെത്തി.

MORE IN Kuttapathram
SHOW MORE