അടിച്ചു ഫിറ്റായി 5 പൊലീസുകാർ, എസ്ഐയ്ക്കെതിരെ അട്ടഹാസം; ഒടുവിൽ സംഭവിച്ചത്

police-drunkard
SHARE

ഞങ്ങടെ പൊലീസിനെ ഞങ്ങൾ ചീത്തവിളിച്ചാൽ നിങ്ങൾക്കെന്താ? ‍പൊലീസുകാർക്കു മദ്യപിച്ചു വണ്ടിയോടിക്കാൻ പാടില്ലേ?  സത്യം, കാറിനു പരാതിയില്ലല്ലോ. പൊൻമുടിയിൽ കഴിഞ്ഞ ശനിയാഴ്ച്ച മദ്യപിച്ചു വാഹനമോടിച്ചു പിടിയിലായ സാധാരണക്കാർ നിരനിരയായി നിൽക്കുമ്പോഴാണ് നമ്മുടെ 5 പൊലീസ് നേതാക്കൾ ലഹരിയിൽ ആറാടിയത്, എസ്ഐയെ നോക്കി അട്ടഹസിച്ചത്

ഇവർ ചില്ലറക്കാരല്ല. സിപിഎമ്മിനെ അനുകൂലിക്കുന്ന പൊലീസ് അസോസിയേഷന്റെ എസ്എപിയിലെ പ്രമാണിമാർ. അതും ഔദ്യോഗികപക്ഷത്തെ തറപറ്റിച്ചു ജയിച്ച യഥാർഥ പാർട്ടിക്കാർ.  ക്യാംപിലെ പൊലീസുകാരെ ആകെ മൊബിലൈസ് ചെയ്ത സമയം. അതിനാൽ, ലീവോ അനുമതിയോ തേടാൻ ഇവർ മെനക്കെട്ടില്ല. ഒരു കാറുമായി 5  നേതാക്കളും പൊൻമുടിയിലെ കുളിരു തേടി യാത്രയായി. രേഖകളിൽ ഡ്യൂട്ടിയിലും. അവിടെ മുറിയെടുത്ത് ബോറടി മാറ്റി. നേരം ഇരുട്ടിയപ്പോൾ കാറിൽ അപ്പർ സാനിറ്റോറിയത്തിലേക്കൊരു യാത്ര. 

കാർ ഫിറ്റായിരുന്നതിനാൽ വളഞ്ഞും പുളഞ്ഞുമായിരുന്നു പോക്ക്. കുണ്ടും കുഴിയും അറിഞ്ഞതേയില്ല. പലപ്പോഴും വശത്തെ മൊട്ടക്കുന്നിന്റെ മുകളിലേക്കാണു കാറിന്റെ കണ്ണിലെ വെളിച്ചം പാഞ്ഞത്. എങ്കിലും ജാഗരൂഗരായി ഇരുന്ന പൊലീസുകാരും കണ്ണടയ്ക്കാത്ത ഡ്രൈവറും ലക്ഷ്യത്തിലേക്ക് ഒരുവിധം വണ്ടിയോടിച്ചു. അപ്പോഴാണു സ്ഥലം എസ്ഐയും സംഘവും വാഹനപരിശോധന നടത്തുന്നത്. കാറിലെ ഏമാൻമാർക്ക് യൂണിഫോം ഇല്ലാത്തതിനാൽ എസ്ഐ സാധാരണ ജനത്തെ പോലെ ഇവരെയും ‘ഊതിപ്പിച്ചു’. 

നേതാക്കൾ വിറച്ചു, ഉള്ളം തിളച്ചു. ഞങ്ങൾ നിങ്ങളുടെ നേതാക്കളാണ്, വിട്ടില്ലെങ്കിൽ വിവരം അറിയും എന്നുപറഞ്ഞിട്ടും എസ്ഐയും സംഘവും പിൻമാറിയില്ല. അതോടെ, എസ്ഐ അവിടെ പിടിച്ചുനിർത്തിയ ഡ്രൈവർമാർ സംഘടിച്ചു. ഇവരെയും പെറ്റിയടിക്കണമെന്നായി ജനം. രംഗം വഷളായതോടെ എസ്ഐ അവരെ ജീപ്പിലാക്കി. അങ്ങനെ സ്വന്തം ആവശ്യത്തിനല്ലാതെ, ആദ്യമായി പൊലീസ് ജീപ്പിൽ ആ നേതാവും കൂട്ടുകാരും കയറി. അവരെ സ്റ്റേഷനിൽ എത്തിക്കേണ്ട താമസം, ആദ്യം അസോസിയഷന്റെ റൂറൽ ജില്ലാ നേതാവിന്റെ വിളി. അത് ഏശാതെ വന്നതോടെ സംസ്ഥാന നേതാവിന്റെ വിളി.

അച്ചടക്കനടപടിയുടെ ഭാഗമായി മലയിൻകീഴിൽനിന്നു പൊൻമുടിയിലേക്കു മാറ്റിയ എസ്ഐക്ക് എന്തു നഷ്ടപ്പെടാൻ? കേളൻ കുലുങ്ങിയില്ല. അപ്പോഴതാ, രാത്രിയിലും ജാഗ്രതയോടെ വയർലെസ് സെറ്റുമായി ഉറങ്ങുന്ന എസ്പിയുടെ വിളി. ഉടൻ അവരെ വിട്ടയയ്ക്കണം. കേസും വേണ്ട ഒരു കുന്തവും വേണ്ട– ഉഗ്രശാസന. സർ, സാർ എന്ന് ഇങ്ങേത്തലയ്ക്കൽ നിലവിളിക്കുന്നതു കേൾക്കാൻ മറുതലയ്ക്കൽ ആരുമില്ലായിരുന്നു.  

വിജയശ്രീലാളിതരായി പുറത്തിറങ്ങിയ നേതാക്കൾ നേരെ മുറിയിലേക്ക്. അവിടെ പുലരുവോളം വീണ്ടും ആഘോഷം. എസ്ഐ പെറ്റിയടിച്ചു നിർത്തിയവരും എസ്ഐയും ഇളിഭ്യരായ നിമിഷം. സേനയുടെ തൊപ്പിയിൽ അസോസിയേഷൻ ചെലവിൽ മറ്റൊരു പൊൻതൂവൽ കൂടി പതിപ്പിച്ചാണു നേതാക്കൾ ഞായറാഴ്ച രാവിലെ മലയിറങ്ങിയത്.

നിയമം പൊൻമുടിക്കാറ്റിൽ പറത്തി...

അപ്പോഴും പൊൻമുടി സ്റ്റേഷനിലെ പൊലീസുകാർക്കു വേണ്ടാത്ത സംശയങ്ങൾ. മോട്ടോർ വാഹന നിയമത്തിലെ സെക്‌ഷൻ 185 പ്രകാരം മദ്യപിച്ചു വാഹനം ഓടിച്ചാൽ കുറ്റമല്ലേ? 3000 രൂപ പിഴ കിട്ടില്ലേ? പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കിയാൽ പൊലീസ് ആക്ട് 118 (എ) പ്രകാരം കുറ്റമല്ലേ? പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയാൽ, ഭീഷണിപ്പെടുത്തിയാൽ ഐപിസി 353, 352 എന്നീ വകുപ്പുകളും ചുമത്താമോ?

ഇങ്ങനെ ഓരോന്നു പുലമ്പിയാണു പരിശോധനാസംഘം നേരം വെളുപ്പിച്ചത്. ഇത്തരത്തിൽ മദ്യപസംഘത്തെ പിടിച്ച കാര്യം പോലും മെമ്മറിയിൽനിന്നു മായ്ച്ചു അവർ. മാധ്യമങ്ങളിൽനിന്നു വിളിച്ചപ്പോൾ ഏത് പൊലീസ്, ആരെ പിടിച്ചു, എപ്പോ? എന്നിങ്ങനെയായി പിച്ചും പേയും

MORE IN Kuttapathram
SHOW MORE