എ.ടി.എം കൗണ്ടര്‍ കേന്ദ്രീകരിച്ച് തട്ടിപ്പിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ

atm-tcr
SHARE

മധ്യകേരളത്തിലെ എ.ടി.എം. കൊള്ളയടിച്ചവരെന്ന് സംശയിച്ച് പൊലീസ് തിരഞ്ഞിരുന്ന അങ്കമാലി കേസിലെ പഴയ രണ്ടു പ്രതികളെ പ്രത്യേക പൊലീസ് സംഘം പിടികൂടി. പക്ഷേ, ഇവര്‍ക്കു എ.ടി.എം. കൊള്ളയില്‍ പങ്കില്ലെന്ന് കണ്ടെത്തി. അതേസമയം, ഇവര്‍ എ.ടി.എം കൗണ്ടറില്‍ വരുന്നവരെ കള്ളനോട്ട് കാണിച്ച് തട്ടിപ്പു നടത്താന്‍ വീണ്ടും കേരളത്തില്‍ എത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. 

കൊച്ചിയിലും ഇരുമ്പനത്തും എ.ടി.എം. കൊള്ളയടിച്ച് 35 ലക്ഷം തട്ടിയ കേസിന്റെ അന്വേഷണത്തിലാണ് ബീഹാറുകാരന്‍ അങ്കുര്‍കുമാറിന്റെ ചിത്രം പൊലീസിന്റെ കണ്ണിലുടക്കിയത്. എ.ടി.എം. സെന്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ കള്ളന്‍മാരുടെ ദൃശ്യവുമായി അങ്കുര്‍കുമാറിന് സാമ്യമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് അങ്കമാലിയിലെ എ.ടി.എം. കൗണ്ടറില്‍ നിന്ന് പണം തട്ടിയ കേസില്‍ അറസ്റ്റിലായ ശേഷം അങ്കുര്‍കുമാറും സുഹൃത്ത് ഉപേന്ദ്രനാഥും ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ഇവരെ, കണ്ടെത്താനുള്ള ശ്രമം ചെന്നവസാനിച്ചത് വടകര ചോമ്പാലയില്‍. അവിടെ, തട്ടിപ്പിനു വേണ്ടി തമ്പടിച്ച് കഴിയുമ്പോഴാണ് പൊലീസിന്റെ കണ്ണില്‍ കുടുങ്ങിയത്. 

കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കാന്‍ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടലാണ് ഇവരുടെ രീതി. മധ്യകേരളത്തിലെ എ.ടി.എം. കൊള്ളക്കാരനെന്ന് സംശയിച്ചിരുന്നയാള്‍ അങ്കുര്‍കുമാര്‍ അല്ലെന്ന് ഇതോടെ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഏഴു യുവാക്കള്‍ എ.ടി.എം. കൊള്ളക്കാരല്ലെന്നും പൊലീസ് കണ്ടെത്തി. ഇവര്‍, നോട്ടിരിട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ വന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. 

എ.ടി.എം. കവര്‍ച്ചാ പരമ്പര നടന്ന പത്തു ദിവസം കഴിഞ്ഞെങ്കിലും കൊള്ളസംഘത്തിന്റെ ഊരും പേരും ഇനിയും ഉറപ്പിക്കാറായിട്ടില്ല. അതിവിദഗ്ധമായി ആസൂത്രണം ചെയ്ത കവര്‍ച്ച പദ്ധതി പൊളിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. നിരവധി പേരെ ചോദ്യം ചെയ്തു. നിരവധിയിടങ്ങളില്‍ യാത്ര ചെയ്തു. ഇതരസംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായവും തേടി. എന്നിട്ടും കവര്‍ച്ചാസംഘത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 

MORE IN Kuttapathram
SHOW MORE