അങ്കമാലിയില്‍ നാനൂറ് ലീറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

wash-seized
SHARE

അങ്കമാലിയില്‍ നാനൂറ് ലീറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. വാറ്റുചാരായം നിര്‍മിക്കുന്നവരെ കണ്ടെത്താന്‍ എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കി.

അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനായി തയാറാക്കിയ നാനൂറ് ലീറ്റര്‍ വാഷ് പിടികൂടിയത്. കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന് അട്ടാറ റോഡില്‍ കോഴിഫാമിന് എതിര്‍വശം കാടുപിടിച്ചുകിടക്കുന്ന ചതുപ്പ് നിലത്ത് നിന്നാണ് വാഷ് പിടികൂടിയത്. ആള്‍സഞ്ചാരം കുറഞ്ഞ പ്രദേശത്ത് ആര്‍ക്കും എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത വിധമാണ് വാഷ് ഒളിപ്പിച്ചിരുന്നത്.

ഇരുന്നൂറ് ലീറ്റര്‍ വീതമുള്ള രണ്ട് പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ പച്ചിലകള്‍ വച്ച് മൂടിയ നിലയിലായിരുന്നു നുരയും പതയും വന്ന വാഷ്. ചാരായം വാറ്റുന്നതിനായി തയാറാക്കിയ അടുപ്പും വിറകുകളും സമീപത്ത് കണ്ടെത്തി. പ്ലാസ്റ്റിക് ഡ്രമ്മുകള്‍ക്ക് പുറമേ, 200 ലിറ്ററിന്റെ ഒരു തകര ഡ്രം, രണ്ടു അലുമിനിയം കുടം , രണ്ട് അലുമിനിയം കലം, പ്ലാസ്റ്റിക്ക് ബക്കറ്റ്, പ്ലാസ്റ്റിക്ക് ഹോസ്, റെഗുലേറ്ററോഡ്കൂടിയ ഗ്യാസ് ബര്‍ണര്‍ എന്നിവ പിടിച്ചെടുത്തു.

വാറ്റ് കണ്ടെത്തിയ ചതുപ്പ് നിലത്തിന്റെ അടുത്തുള്ള കുളത്തില്‍നിന്നാണ് അലുമിനിയം കലങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഉൗര്‍ജിതമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്കമാലി റേഞ്ച് പരിധിയില്‍ മൂക്കന്നൂര്‍, എടക്കുന്ന് ഭാഗങ്ങളില്‍ ചാരായം വാറ്റ് വര്‍ധിക്കുന്നതിനാല്‍ പട്രോളിങ്ങ് കര്‍ശനമാക്കുമെന്ന്  എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

MORE IN Kuttapathram
SHOW MORE