എം.ജെ അക്ബർ; മുറിവേറ്റവരുടെ മുന്നേറ്റത്തില്‍ അധികാരം തെറിക്കുന്ന ആദ്യ നേതാവ്

mj-akbar-minister
SHARE

മുറിവേറ്റവരുടെ മുന്നേറ്റത്തില്‍ അധികാരക്കസേര തെറിക്കുന്ന ആദ്യ നേതാവാണ് എം.ജെ അക്ബര്‍. രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റിയ രാജ്യതലസ്ഥാനത്തെ ഏറ്റവും തലയെടുപ്പും സ്വാധീനശേഷിയുമുള്ള മാധ്യമപ്രവര്‍ത്തകന്‍റെ മുഖംമൂടി വലിച്ചുകീറുന്നതായിരുന്നു മീ ടു വെളിപ്പെടുത്തലുകള്‍. സ്വന്തം ന്യൂസ് ഡെസ്ക് അക്ബര്‍ അന്തപുരമാക്കിയെന്നാണ് ഇരകളിലൊരാള്‍ പറഞ്ഞത്. ഒന്‍പതുപേരാണ് ദുരനുഭവങ്ങള്‍ വിളിച്ചുപറഞ്ഞത്.

മൊബഷര്‍ ജാവേദ് അക്ബര്‍. സ്വയം ഒരു ബ്രാന്‍ഡായിരുന്നു. ദ് ടെലഗ്രാഫിലൂടെ മാധ്യമരംഗത്ത് ഒരുപിടിമാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസിന്‍റെ പ്രതാപകാലത്ത് പല അധികാര കരുനീക്കങ്ങള്‍ക്കും ഒന്നാംസാക്ഷിയായി. പിന്നെ രാജീവ് ഗാന്ധിയുമായുള്ള അടുപ്പം രാഷ്ട്രീയത്തിലെ നേരിട്ടുള്ള പങ്കുകാരനാക്കി. കോണ്‍ഗ്രസ് വക്താവായി. 1989ലും 1991ലും എം.പിയായി. മോദി തംരഗത്തിനിടെ 2014 ല്‍ ബിജെപിയിലേയ്ക്ക്. 2015 ല്‍ രാജ്യസഭാംഗം. 2016ല്‍ വിദേശകാര്യസഹമന്ത്രി. കശ്മീര്‍ പ്രശ്നം, ഇന്ത്യ പാക് തര്‍ക്കം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ സാമൂഹിക വഴികള്‍, നെഹ്റുവീയന്‍ ചരിത്രം എന്നിവയിലെ ആധികാരിക ശബ്ദം. ഇരകളില്‍ നിന്ന് ആദ്യത്തെ മീ ടു വെളിപ്പെടുത്തല്‍ വരുന്ന സമയത്ത് അക്ബറെന്ന വേട്ടക്കാരന്‍ നൈജീരിയയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. മുത്തലാഖ് നിരോധന ബില്ലിനായി സ്ത്രീയുടെ ആത്മാഭിമാനം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്‍റില്‍ മുഴങ്ങിയ ഏറ്റവും ശ്രദ്ധേയമായ പ്രസംഗവും അക്ബറിന്‍റേതായിരുന്നു. 

നിസ്സഹായതയും ഭയവും മൂലം വര്‍ഷങ്ങളായി തൊണ്ടക്കുഴികളില്‍ അടിച്ചമര്‍ത്തിവെച്ച ശബ്ദങ്ങള്‍ മീ ടുവിലൂടെ പുറത്തുവന്നപ്പോള്‍ വിഗ്രഹം ഉടഞ്ഞു. സഹപ്രവര്‍ത്തകയുടെ അടിവസ്ത്രത്തിന്‍റെ സ്ട്രാപ് വലിച്ച് രസിക്കുന്ന, അധികാരം നിര്‍ലോഭം പ്രയോഗിച്ച് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്ന, കടന്നുപിടിക്കുകയും കയ്യേറ്റം ചെയ്യുകയുംചെയ്യുന്ന, സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമൊക്കെ ആയുധമാക്കി സഹപ്രവര്‍ത്തകരെ കെണിയിലാക്കുന്ന അക്ബറിന്‍റെ നെറികേടുകള്‍ പുറത്തുവന്നു. കഴിവുള്ള ന്യൂനപക്ഷമുഖമെന്ന നിലയില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാകാതിരിക്കാനാണ് പുറത്തേയ്ക്ക് വഴി കാട്ടിയത്. അനിവാര്യമായ പതനം. നിയമം കാത്തുവെച്ചിരിക്കുന്ന തീര്‍പ്പ് ബാക്കിയുണ്ട്. അക്ബറേല്‍പ്പിച്ച് പരുക്ക് രാഷ്ട്രീയ ഗോദയില്‍ ബിജെപിക്ക് ഏറെ ക്ഷീണമുണ്ടാക്കും.  

MORE IN Kuttapathram
SHOW MORE