കലാഭവന്‍ മണിയുടെ മരണം: ദുരൂഹത വര്‍ധിപ്പിച്ച് സിനിമ; സിബിഐക്ക് വിനയൻ മൊഴി നൽകും

kalabhavan-mani-vinayan
SHARE

കലാഭവന്‍ മണി ഓര്‍മയായി രണ്ടര വര്‍ഷം പിന്നിട്ടെങ്കിലും മരണകാരണം ഇന്നും ദുരൂഹതയായി തുടരുകയാണ്.  ഇതിനിടെ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന വിനയന്‍ സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.  ചിത്രമിറങ്ങിയതിന്റെ കൂടി പശ്ചാത്തലത്തില്‍ സി.ബി.ഐ,  സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. 

2016 മാര്‍ച്ച് ആറ്, അന്ന് വൈകിട്ടാണ് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണിയുടെ മരണവാര്‍ത്ത എത്തുന്നത്. അതിന്റെ തലേദിവസം, ചാലക്കുടിയില്‍ വീടിന് സമീപമുള്ള പാടി എന്ന വിശ്രമകേന്ദ്രത്തില്‍  കുഴഞ്ഞ് വീണ മണി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു. തൃശൂര്‍ കണ്ടിട്ടില്ലാത്ത വിധം തിങ്ങിനിറഞ്ഞ ആരാധകരാണ് വേദനയോടെ മണിയെ യാത്രയാക്കിയത്.

കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും  ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മെഥനോളിന്റെയും ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടതായിരുന്നു സംശയത്തിന് കാരണം. കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തി. മണി വിശ്രമവേളകള്‍ ആഘോഷിച്ചിരുന്ന പാടി എന്ന സ്ഥലം ദുരൂഹതയുടെ കേന്ദ്രമായി മാറി. മണി കുഴഞ്ഞ് വീണതിന്റെ തലേരാത്രി, ഇവിടെ മദ്യസല്‍ക്കാരം അടക്കമുള്ള വലിയ ആഘോഷം നടന്നു. ചലച്ചിത്രതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ തുടങ്ങിയവരെ ചോദ്യം ചെയ്തു

ദുരൂഹതകളേറിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി. ആത്മഹത്യയോ കൊലപാതകമോ എന്നതായിരുന്നു ആദ്യ അന്വേഷണം. ആത്മഹത്യക്കുള്ള സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിനിടെയാണ് കേന്ദ്രലാബിലെ പരിശോധനാഫലം എത്തുന്നത്. ശരീരത്തില്‍ കീടനാശിനിയില്ലെന്നും വിഷമദ്യമായ മെഥനോള്‍ മാത്രമാണുള്ളതെന്നും സ്ഥിരീകരണം. മരണത്തിന് കാരണമാകുന്ന അളവില്‍ വിഷമദ്യം ഉണ്ടെന്നും വിദഗ്ധ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ദുരൂഹത വീണ്ടും കൂടി...പിന്നീടുള്ളത് രണ്ട് ചോദ്യങ്ങളായിരുന്നു. വിഷമദ്യം മണി കുടിച്ചതോ ആരെങ്കിലും കുടിപ്പിച്ചതോ...

ഇതറിയാനായി അവസാനദിവസങ്ങളില്‍ മണിക്കൊപ്പം ഉണ്ടായിരുന്നു സുഹൃത്തുക്കളടക്കം അഞ്ച് പേരെ നുണ പരിശോധനക്ക് വിധേയമാക്കി. പക്ഷെ സംശയകരമായ ഒരു മൊഴി പോലും ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴിമുട്ടി...അന്വേഷണസംഘം പലവഴിക്ക് പിരിഞ്ഞു. ഒടുവില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരും പിന്തുണച്ചതോടെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പക്ഷെ ഇന്നും ആ ഉത്തരം മാത്രം കിട്ടിയില്ല

മലയാളിയുടെ സ്വന്തം മണി മരിച്ചത് എങ്ങിനെ...?  ആ ചോദ്യത്തിന് ഉത്തരം നല്‍കുന്ന ചില പരാമര്‍ശങ്ങള്‍, മണിയുടെ ജീവചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന സിനിമയിലുണ്ടെന്നതാണ് വീണ്ടും ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും തുടക്കമിടുന്നത്. സി.ബി.ഐ അന്വേഷണവും എവിടെയുമെത്താതെ നില്‍ക്കുമ്പോളാണ് വിവാദത്തിന്റെ പുതിയ അധ്യായം കുറിച്ച് സിനിമായെത്തുന്നത്

ഈ സാഹചര്യത്തിലാണ് സിബിഐ, സംവിധായകന്‍ വിനയന്‍റെ മൊഴിയെടുക്കുന്നത്. മൊഴി നല്‍കണമെന്നു ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിറ്റ് വിനയന് കത്ത് കൈമാറി. ബുധനാഴ്ച അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നു വിനയന്‍ അറിയിച്ചു.

MORE IN Kuttapathram
SHOW MORE