വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു

thripunithura-theft
SHARE

തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ മോഷണ സംഘം കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കണിയാമ്പുഴ റെയില്‍വെ പാലത്തിനു സമീപം പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് വീട്ടുകാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച വടിവാള്‍ കണ്ടെത്തിയത്. േകസിലെ പ്രതികളായ മറ്റ്  പതിനാല് പേരെ കുറിച്ചുളള വിവരം അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. 

തൃപ്പൂണിത്തുറ എരൂരില്‍ കവര്‍ച്ച നടന്ന വീട്ടിലാണ് പ്രതികളായ ഇക്രം, സലിം, മുഹമ്മദ് ഹാരൂണ്‍ എന്നിവരെ തെളിവെടുപ്പിനായി പൊലീസ് ആദ്യമെത്തിച്ചത് . കവര്‍ച്ചയ്ക്കായി വീട്ടിലെത്തിയതും ജനലഴികള്‍ തകര്‍ത്ത് വീടിനുളളില്‍ കയറിയതും മൂവരും   പൊലീസിനോട് വിശദീകരിച്ചു.

വീടിനുളളിലും പ്രതികളെ കയറ്റി. വീട്ടുകാര്‍ക്ക് നേരെ ഉണ്ടായ  അക്രമത്തെ പറ്റിയും വിശദമായ തെളിവു ശേഖരിച്ചു. തുടര്‍ന്ന് സമീപത്തെ റെയില്‍വെക്രോസിനടുത്ത് പ്രതികളെയെത്തിച്ചു. മോഷണം കഴിഞ്ഞു മടങ്ങും വഴി തന്നെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതിയെ  നാട്ടുകാരനായ അശോകന്‍ ഇവിടെ വച്ച് തിരിച്ചറിഞ്ഞു. ഇതുവരെ അറസ്റ്റിലായ ആറു പേര്‍ക്കു പുറമെ മറ്റ് പതിനാല് പേരെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചിട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വീട്ടുകാരെ ആക്രമിക്കാനുപയോഗിച്ച ആയുധം കണിയാമ്പുഴ റെയില്‍വെ മേല്‍പാലത്തിനു സമീപമുപേക്ഷിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പ്രതികളിലൊരാളെ ഇവിടെയെത്തിച്ച് തെളിവെടുത്തത്. തിരച്ചിലില്‍ ആയുധം ഇവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു.

പ്രതികള്‍ മോഷണത്തിനു ശ്രമിച്ച എരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പൊലീസ് തെളിവെടുപ്പിനെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തൃപ്പൂണിത്തുറ എരൂരിലും,കൊച്ചി പുല്ലേപ്പടിയിലും ബംഗ്ലാദേശ് സ്വദേശികളായ മോഷ്ടാക്കളുടെ സംഘം വീട്ടുകാരെ ആക്രമിച്ച് വന്‍ കവര്‍ച്ച നടത്തിയ ശേഷം നാടുവിട്ടത്.

MORE IN Kuttapathram
SHOW MORE