ഹോട്ടലുടമ തല്ലിച്ചതച്ചത് പ്രളയത്തില്‍ രക്ഷകനായ യുവാവിനെ; കേസ്, രോഷം

uber-eats-staff-attacked
SHARE

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഊബര്‍ ഈറ്റ്സ് ജീവനക്കാരനെയാണ് കൊച്ചിയില്‍ ഹോട്ടലുടമ മര്‍ദിച്ച് അവശനാക്കിയത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആലുവയും പരിസരപ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്നു ഊബർ ഈറ്റ്സ് ഡെലിവറി ജീവനക്കാരനുമായ ജവഹർ‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചും വീടുകളില്‍ കുടുങ്ങികിടന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുമുള്ള ജവഹറിന്റെ ഇടപെടല്‍ ഏറെ പ്രശംസ നേടിയതാണ്. കഴിഞ്ഞ ഒന്നരമാസത്തോളമായി വീടുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. 

കൊച്ചി മരോട്ടിച്ചുവടിലുള്ള ഹോട്ടലില്‍ ഊബര്‍ ഈറ്റ്സിന്റെ ഓര്‍ഡര്‍ എടുക്കുന്നതിനായി പോയപ്പോള്‍ ഉടമ, ജീവനക്കാരനെ മര്‍ദിക്കുന്നത് കണ്ടു. അതിനെ ചോദ്യംചെയ്ത ജവഹറിന് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനമാണ്. 

ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നത്തില്‍ പുറത്തുനിന്നുള്ള ആള്‍ ഇടപെട്ടതാണ് മര്‍ദിക്കാന്‍ കാരണമെന്നാണ് ഹോട്ടല്‍ അധികൃതരുടെ ന്യായീകരണം. അതിനിടെ ഓര്‍ഡര്‍ എടുക്കാതെ ഊബര്‍ ഈറ്റ്സ് ജീവനക്കാര്‍ ഹോട്ടലിന് പുറത്ത് പ്രതിഷേധിച്ചു. ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.  

സോഷ്യൽമീഡിയയിൽ ഹോട്ടലിനെതിരെ വലിയ പ്രതിഷേധമായിരുന്നു. പലരും ഹോട്ടൽ റേറ്റിംഗ‌ും കുറച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭയുടെ ഫുഡ് ആന്റ് സേഫ്റ്റി പ്രവര്‍ത്തകര്‍ പരിശോധനയക്ക് എത്തി. 

രണ്ട് ചെവിക്കും തോളെല്ലിനും ഗുരുതരമായ പരിക്കേറ്റ ജവഹറിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് സംഭവം. ഫെയ്സ്ബുക്ക് കുറിപ്പ് വഴിയാണ് സംഭവം പുറത്തറിയുന്നത്. തൃക്കാക്കര പൊലീസിലാണ് പരാതി നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ പൊലീസ് എത്തിയെങ്കിലും ജവഹറിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ മൂലം നടപടികള്‍ നീളുകയാണ്. 

സംഭവിച്ചത് ഇങ്ങനെ: 

ഊബർ ഈറ്റ്സിന്റെ ഓർഡർ എടുക്കാനായി റസ്റ്റോറന്റിൽ എത്തിയ ജവഹർ കണ്ടത് ഇതേ ഹോട്ടലിലെ ഒരു തൊഴിലാളിലെ ഉടമ മർദ്ദിക്കുന്നതാണ്. ഇത് ചോദ്യം ചെയ്ത ജവഹറിനോട് 'നാൽപത് ലക്ഷം രൂപ മുടക്കിയ എന്റെ ഹോട്ടലിൽ ഞാൻ എന്തും ചെയ്യും' എന്നായിരുന്നു ഉടമയുടെ മറുപടി. എന്നാൽ പിന്നീട് ഓര്‍ഡര്‍ എടുക്കാനായി ഹോട്ടലിന് അകത്ത് കയറിയെ ജവഹറിനെ  മറ്റ് ജീവനക്കാരും ഉടമയും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ബൈക്കിന്റെ താക്കോൽ ബലം പ്രയോ​ഗിച്ച് കൈവശപ്പെടുത്തുകയും ചെയ്തി.  ഏകദേശം അരമണിക്കൂറോളം മർദ്ദനമേറ്റ ജഹവറിന്റെ തലയ്ക്കാണ് കൂടുതൽ പരിക്കേറ്റിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് ജവഹറിന്‍റെ സുഹൃത്ത് സുരേഷ് പറയുന്നത് ഇങ്ങനെ:  ഇത്രയും വലിയ ഒരു കയ്യേറ്റം ഉണ്ടാവാനായി ഈ ചെറുപ്പക്കാരന്‍ ചെയ്ത തെറ്റ് ഒരു ഓര്‍ഡര്‍ എടുക്കാനായി അവിടെ ചെന്നപ്പോള്‍ റസ്റ്റോറന്റ് ഉടമ ഒരു തൊഴിലാളിയെ കടയുടെ മുന്നില്‍ നടുറോഡിലിട്ടു മര്ദ്ദിക്കുന്നത് കണ്ടു എന്താണ് കാര്യമെന്ന് ചോദിച്ചതാണ്. നാല്‍പ്പതു ലക്ഷം രൂപ മുടക്കി ഞാനിട്ട കടയില് എന്റെ ജോലിക്കാരെ എനിക്കിഷ്ടമുള്ളത് ചെയ്യും, നീയാരാടാ ചോദിയ്ക്കാന്‍ എന്ന് പറഞ്ഞു ജവാഹറിനെ ആക്രമിക്കുകയായിരുന്നു. 

ഇതിനു ദൃക്സാക്ഷികള് ഉണ്ട്, കടയിലെ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാലും വാസ്തവം വെളിവാകും. ഞങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് ഈ റസ്റ്റോറന്റിലെ സ്ഥിരം സംഭവമാണ് എന്നാണു പരിസര വാസികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇഷ്ടക്കേട് തോന്നിയാല്‍ കസ്റ്റമേഴ്സിനെയും തൊഴിലാളികളെയും ഇവര്‍ കൈകാര്യം ചെയ്യും. 

പോലീസില്‍ അന്വേഷിച്ചപ്പോഴും ഇവര്‍ക്കെതിരെ സമാനമായ നിരവധി പരാതികള്‍ മുന്‍പും കിട്ടിയിട്ടുണ്ട്, പക്ഷെ കാര്യമായ ആക്ഷന് ഒന്നും തന്നെ എടുത്തിട്ടില്ല എന്നു മനസിലായി. ഇവിടെയും മലപ്പുറത്ത് നിന്നും തൊഴിലന്വേഷിച്ച്‌ വന്ന ഒരു സാധു പയ്യന്‍, ഊബര് ഈറ്റ്സിന്റെ ഡെലിവറി ബോയ്‌, തല്ലും വാങ്ങി മിണ്ടാതെ പൊയ്ക്കോളും എന്ന് കരുതി നടത്തിയ ഒരു കയ്യേറ്റമാണ് ഇത്. ഇനിയിവിടെ കണ്ടുപോകരുത്, കൊച്ചി വിട്ടു പോയ്കൊള്ളണം. എന്ന് ശക്തമായ താക്കീതും നല്കിയയാണ്‌ ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്– സുഹൃത്തുക്കള്‍ ആരോപിച്ചു.

MORE IN Kuttapathram
SHOW MORE